വെസ്റ്റിന്‍ഡീസിനെതിരെ നാലാം ടി20യിൽ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച സ്കോര്‍. രോഹിത് ശര്‍മ്മയുടെയും ഋഷഭ് പന്തിന്റെയും ബാറ്റിംഗ് മികവിലാണ് ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 191 സ്കോര്‍ നേടിയത്. 4.4 ഓവറിൽ 53 റൺസാണ് ഇന്ത്യയ്ക്കായി രോഹിത്തും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് നേടിയത്. രോഹിത് 16 പന്തിൽ 33 റൺസ് നേടിയപ്പോള്‍ സൂര്യകുമാര്‍ യാദവ് 14 പന്തിൽ 24 റൺസ് നേടി. ഇരുവരും തുടരെയുള്ള ഓവറുകളിൽ പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.
പിന്നീട് ദീപക് ഹൂഡയും ഋഷഭ് പന്തും ചേര്‍ന്ന് മൂന്നാം വിക്കറ്റിൽ 47 റൺസാണ് നേടിയത്. സൂര്യകുമാറിനെ പുറത്താക്കിയ അൽസാരി ജോസഫ് ആണ് ഹൂഡയെയും(21) പുറത്താക്കിയത്.
ഋഷഭ് പന്ത് 31 പന്തിൽ 44 റൺസ് നേടി പുറത്താകുമ്പോള്‍ ഇന്ത്യ 15 ഓവറിൽ 146 റൺസായിരുന്നു നേടിയത്. 30 റൺസ് നേടിയ സഞ്ജുവിനൊപ്പം 8 പന്തിൽ 20 റൺസ് നേടിയ അക്സറിന്റെ ബാറ്റിംഗ് പ്രകടനം ആണ് ഇന്ത്യയെ 191 റൺസിലേക്ക് എത്തിച്ചത്.
11 പന്തിൽ 27 റൺസാണ് ഈ കൂട്ടുകെട്ട് അവസാന ഓവറുകളിൽ നേടിയത്. വെസ്റ്റിന്‍ഡീസിനായി ഒബേദ് മക്കോയിയും അൽസാരി ജോസഫും രണ്ട് വീതം വിക്കറ്റ് നേടി.