ധാക്കയിൽ നടന്ന 2021 ലെ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ മൂന്നാം സ്ഥാനത്തിനുള്ള പോരാട്ടത്തിൽ പാകിസ്താനെ ഇന്ത്യ പരാജയപ്പെടുത്തി വെങ്കല മെഡൽ സ്വന്തമാക്ക്. ഏഴ് ഗോളുകളുടെ ത്രില്ലറിൽ ഇന്ത്യ 4-3 എന്ന സ്കോറിനാണ് പാകിസ്താനെ തോൽപ്പിച്ചത്. ഇന്ത്യക്കായി ഹർമൻപ്രീത് സിംഗ്, സുമിത്, വരുൺ കുമാർ, ആകാശ്ദീപ് സിംഗ് എന്നിവർ ഗോളുകൾ നേടിയപ്പോൾ അർഫ്രാസ്, അബ്ദുൾ റാണ, നദീം എന്നിവരാണ് പാകിസ്ഥാന്റെ സ്കോറർമാർ.
ഇന്ത്യ ഇന്ന് ഉജ്ജ്വലമായ രീതിയിലാണ് തുടങ്ങിയത് ഹർമൻപ്രീത് സിംഗിലൂടെ ഇന്ത്യ തുടക്കത്തിൽ തന്നെ ലീഡ് എടുത്തു. താരത്തിന്റെ ടൂർണമെന്റിലെ എട്ടാമത്തെ ഗോളായിരുന്നു ഇത്. 11-ാം മിനിറ്റിൽ ഇന്ത്യയുടെ പ്രതിരോധത്തിലെ വീഴ്ച മുതലാക്ക് അർഫ്രാസ് പാകിസ്ഥാന് സമനില നൽകി.. 33-ാം മിനിറ്റിൽ അബ്ദുൾ റാണയിലൂടെ അവർ ഞെട്ടിക്കുന്ന ലീഡും നേടി.
12 മിനിറ്റുകൾക്ക് ശേഷം സുമിത്തിലൂടെ ഇന്ത്യ സമനില പിടിച്ചു. 53-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കോർണർ വരുൺ കുമാർ ഗോളാക്കി ഇന്ത്യക്ക് ലീഡ് തിരിച്ചുനൽകി. 57-ാം മിനിറ്റിൽ ആകാശ്ദീപ് ലീഡ് ഇരട്ടിയാക്കുകയും ചെയ്തു. സ്കോർ 4-2. പാകിസ്താൻ അവസാന നിമിഷങ്ങളിൽ മാത്രമാണ് മൂന്നാം ഗോൾ നേടിയത്.