ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിലെ മത്സരങ്ങളെല്ലാം പരാജയപ്പെട്ട് പാക്കിസ്ഥാ്ന്‍. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചതിനു ശേഷം എല്ലാ മത്സരങ്ങളിലും ഇംഗ്ലണ്ടിന്റെ ആധിപത്യമായിരുന്നു. ഇന്നലെ 54 റണ്‍സിന്റെ വിജയം കൂടി സ്വന്തമാക്കിയതോടെ പാക്കിസ്ഥാനെ 4-0നാണ് ഇംഗ്ലണ്ട് തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 351/9 എന്ന സ്കോര്‍ നേടിയപ്പോള്‍ പാക്കിസ്ഥാന്‍ 297 റണ്‍സിനു ഓള്‍ഔട്ട് ആയി.
ഓയിന്‍ മോര്‍ഗനും ജോ റൂട്ടുമാണ് ഇംഗ്ലണ്ട് ബാറ്റിംഗില്‍ തിളങ്ങിയത്. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 117 റണ്‍സാണ് ഇരുവരും കൂടി നേടിയത്. ജോ റൂട്ട് 84 റണ്‍സ് നേടിയപ്പോള്‍ മോര്‍ഗന്‍ 76 റണ്‍സാണ് നേടിയത്. ജെയിംസ് വിന്‍സ്(33), ജോണി ബൈര്‍സ്റ്റോ(32), ജോസ് ബട്‍ലര്‍(34) എന്നിവര്‍ക്കൊപ്പം 15 പന്തില്‍ 29 റണ്‍സുമായി പുറത്താകാതെ നിന്ന ടോം കറനും ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തു. പാക്കിസ്ഥാന്‍ നിരയില്‍ ഷഹീന്‍ അഫ്രീദി നാലും ഇമാദ് വസീം 3 വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് വേണ്ടി 97 റണ്‍സ് നേടിയ നായകന്‍ സര്‍ഫ്രാസ് അഹമ്മദ് ടോപ് സ്കോറര്‍ ആയെങ്കിലും ബാബര്‍ അസം(80) ഒഴികെ മറ്റു താരങ്ങളില്‍ നിന്ന് മികച്ച പ്രകടനം പുറത്ത് വരാത്തത് ടീമിനു തിരിച്ചടിയായി. ടോപ് ഓര്‍ഡര്‍ തകര്‍ച്ചയും ടീമിനു തിരിച്ചടിയായി. 46.5 ഓവറില്‍ ടീം 297 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. വാലറ്റത്തില്‍ നിന്നുള്ള ചെറുത്ത് നില്പാണ് ടീമിന്റെ തോല്‍വിയുടെ ഭാരം കുറച്ചത്. ക്രിസ് വോക്സ് വിജയികള്‍ക്കായി അഞ്ച് വിക്കറ്റ് നേടി കളിയിലെ താരമായി മാറി. ജേസണ്‍ റോയ് ആണ് പരമ്പരയിലെ താരം.