ട്രെന്റ് ബോള്‍ട്ടിന്റെ ഹാട്രിക്ക് നേട്ടത്തില്‍ നിന്ന് കരകയറാനാകാതെ പാക്കിസ്ഥാന്‍. ജയിക്കാനായി 267 റണ്‍സ് നേടേണ്ടിയിരുന്ന പാക്കിസ്ഥാന്‍ 47.2 ഓവറില്‍ 219 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ ന്യൂസിലാണ്ട് ആദ്യ ഏകദിനത്തില്‍ 47 റണ്‍സിന്റെ വിജയമാണ് കരസ്ഥമാക്കിയത്. പാക്കിസ്ഥാന്റെ ന്യൂസിലാണ്ടിനെതിരെയുള്ള പൂര്‍ത്തിയാക്കിയ കഴിഞ്ഞ 12 ഏകദിനങ്ങളിലും ടീമിനു തോല്‍വിയായിരുന്നു ഫലം.
8/3 എന്ന നിലയില്‍ നിന്ന് 71/3 എന്ന നിലയിലേക്കും പിന്നീട് അവിടെ നിന്ന് 85/6 എന്ന നിലയിലേക്കും വീണ പാക്കിസ്ഥാനു പ്രതീക്ഷയായി സര്‍ഫ്രാസ് അഹമ്മദും ഇമാദ് വസീമും ചേര്‍ന്ന് 103 റണ്‍സ് ഏഴാം വിക്കറ്റില്‍ നേടിയെങ്കിലും സര്‍ഫ്രാസിനെ ഗ്രാന്‍ഡ്ഹോം പുറത്താക്കി. 64 റണ്‍സ് നേടിയ സര്‍ഫ്രാസാണ് ടീമിലെ ടോപ് സ്കോറര്‍. ഇമാം ഉള്‍ ഹക്ക് 34 റണ്‍സ് നേടിയപ്പോള്‍ ഷൊയ്ബ് മാലിക് 30 റണ്‍സ് നേടി.
സര്‍ഫ്രാസ് പുറത്തായ ശേഷവും ഇമാദ് വസീം ബാറ്റിംഗ് തുടര്‍ന്നുവെങ്കിലും തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ താരത്തിനെ ടിം സൗത്തി പുറത്താക്കി. തൊട്ടടുത്ത ഓവറില്‍ ഹസന്‍ അലിയെയും ഷഹീന്‍ അഫ്രീദിയെയും പുറത്താക്കി ലോക്കി ഫെര്‍ഗൂസണ്‍ പാക്കിസ്ഥാന്റെ തോല്‍വി വേഗത്തിലാക്കി. ഏകദിന ക്രിക്കറ്റില്‍ താനെറിയുന്ന അടുത്ത പന്തില്‍ വിക്കറ്റ് നേടാനായാല്‍ ലോക്കി ഫെര്‍ഗൂസണിനും ഹാട്രിക്ക് നേട്ടം കൊയ്യാം.
ന്യൂസിലാണ്ടിനായി ട്രെന്റ് ബോള്‍ട്ടും ലോക്കി ഫെര്‍ഗൂസണും മൂന്ന് വീതം വിക്കറ്റും കോളിന്‍ ഗ്രാന്‍ഡോം രണ്ടും ടിം സൗത്തി, ഇഷ് സോധി എന്നിവര്‍ ഓരോ വിക്കറ്റും നേടി.