ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ ഏകദിനത്തില്‍ വിജയം കൊയ്ത് പാക്കിസ്ഥാന്‍. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 6 വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍ 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.
ഒരു ഘട്ടത്തില്‍ അനായാസ വിജയത്തിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ച പാക്കിസ്ഥാനെ അവസാന പന്ത് വരെ ബുദ്ധിമുട്ടിച്ചാണ് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ മുട്ടുമടക്കിയത്.
പാക്കിസ്ഥാന് വേണ്ടി ബാബര്‍ അസം 103 റണ്‍സും ഇമാം ഉള്‍ ഹക്ക് 70 റണ്‍സും നേടിയാണ് മുന്നോട്ട് നയിച്ചത്. 177 റണ്‍സ് കൂട്ടുകെട്ടുമായി ബാബര്‍ അസം – ഇമാം ഉള്‍ ഹക്ക് കൂട്ടുകെട്ട് ടീമിനെ അനായാസ വിജയത്തിലേക്ക് നയിക്കുമെന്ന ഘട്ടത്തില്‍ ആന്‍റിക് നോര്‍ക്കിയ നേടിയ 4 വിക്കറ്റുകള്‍ ദക്ഷിണാഫ്രിക്കയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു.
186/1 എന്ന നിലയില്‍ നിന്ന് 203/5 എന്ന നിലയിലേക്ക് പാക്കിസ്ഥാന്‍ ഏതാനും ഓവറുകളുടെ വ്യത്യാസത്തില്‍ വീഴുകയായിരുന്നു. ആറാം വിക്കറ്റില്‍ മുഹമ്മദ് റിസ്വാനും ഷദബ് ഖാനും ചേര്‍ന്നാണ് മത്സരത്തിലേക്ക് ടീമിനെ തിരികെ കൊണ്ടുവന്നത്. 40 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാന്റെ വിക്കറ്റ് വീഴ്ത്തി ആന്‍ഡിലെ ഫെഹ്ലുക്വായോ പാക്കിസ്ഥാനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു.
അവസാന രണ്ടോവറില്‍ 14 റണ്‍സായിരുന്നു പാക്കിസ്ഥാന്‍ നേടേണ്ടിയിരുന്നത്. 48ാം ഓവറില്‍ ഷദബ് ഖാന്റെ(24) വിക്കറ്റും ലുംഗിസാനി ഗിഡി നേടിയെന്ന് ഏവരും കരുതിയെങ്കിലും ആ പന്ത് നോ ബോളായി വിധിക്കപ്പെടുകയായിരുന്നു. ഷദബ് ഖാന്‍ ബൗള്‍ഡ് ആവുകയായിരുന്നുവെങ്കിലും അരയ്ക്ക് മുകളിലുള്ള നോ ബോള്‍ ആയി അത് വിധിക്കപ്പെടുകയായിരുന്നു. അടുത്ത പന്തില്‍ ഷദബ് ബൗണ്ടറി നേടുകയും അവസാന പന്തില്‍ മൂന്ന് റണ്‍സും നേടിയപ്പോള്‍ പാക്കിസ്ഥാന് അവസാന ഓവറിലെ ലക്ഷ്യം 3 റണ്‍സായി മാറി.
അവസാന ഓവറിലെ ആദ്യ പന്തില്‍ പാക്കിസ്ഥാന് ഷദബ് ഖാനെ(33) നഷ്ടമായി. പിന്നീടുള്ള മൂന്ന് പന്തിലും റണ്‍ പിറക്കാതെ വന്നതോടെ ലക്ഷ്യം രണ്ട് പന്തില്‍ മൂന്നായി. അടുത്ത രണ്ട് പന്തില്‍ മൂന്ന് റണ്‍സ് നേടി ഫഹീം അഷ്റഫ് പാക്കിസ്ഥാന് മൂന്ന് വിക്കറ്റ് ജയം നേടിക്കൊടുക്കുയായിരുന്നു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 123 റണ്‍സുമായി പുറത്താകാതെ നിന്ന റാസ്സി വാന്‍ ഡെര്‍ ഡൂസ്സെന്‍ ആണ് തിളങ്ങിയത്. ഡേവിഡ് മില്ലര്‍ 50 റണ്‍സും ഫെഹ്ലുക്വായോ 29 റണ്‍സും നേടിയാണ് ടീമിനെ 273/6 എന്ന സ്കോറിലേക്ക് എത്തിച്ചത്. പാക് നിരയില്‍ ഷഹീന്‍ അഫ്രീദിയും ഹാരിസ് റൗഫും രണ്ട് വീതം വിക്കറ്റും നേടി.