ടി20 ലോകകപ്പിൽ സെമി ഫൈനൽ പ്രതീക്ഷ കൈവിടാതെ പാക്കിസ്ഥാന്‍. ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് 43/4 എന്ന നിലയിലേക്ക് വീണ ശേഷം 185/9 എന്ന സ്കോര്‍ നേടി ദക്ഷിണാഫ്രിക്കയെ 108 റൺസിലൊതുക്കി 33 റൺസ് വിജയം ആണ് പാക്കിസ്ഥാന്‍ സ്വന്തമാക്കിയത്.
ഇടയ്ക്ക് മഴ തടസ്സം സൃഷ്ടിച്ചപ്പോള്‍ മത്സരം 14 ഓവറാക്കി ചുരുക്കിയ ശേഷം ലക്ഷ്യം 142 റൺസായി പുനഃക്രമീകരിക്കുകയായിരുന്നു. എന്നാൽ മഴയെത്തും മുമ്പെ തന്നെ മത്സരത്തിൽ പാക്കിസ്ഥാന്‍ മേൽക്കൈ നേടിയിരുന്നു.
ഷഹീന്‍ അഫ്രീദി ക്വിന്റൺ ഡി കോക്കിനെയും റൈലി റൂസ്സോയെയും പുറത്താക്കിയപ്പോള്‍ എയ്ഡന്‍ മാര്‍ക്രം(20), ടെംബ ബാവുമ(19 പന്തിൽ 36) എന്നിവരെ പുറത്താക്കി ഷദബ് ഖാന്‍ മത്സരം പാക് പക്ഷത്തേക്ക് തിരിച്ചു. 65/2 എന്ന നിലയിൽ നിന്ന് 66/4 എന്ന നിലയിലേക്ക് ദക്ഷിണാഫ്രിക്ക പൊടുന്നനെ വീമത് ടീമിന് തിരിച്ചടിയായി.
9 ഓവറിൽ 69/4 എന്ന നിലയിൽ നില്‍ക്കുമ്പോളാണ് മഴ കളി തടസ്സപ്പെടുത്തിയത്. മത്സരം പുനരാരംഭിച്ച ശേഷവും വിക്കറ്റുകളുമായി പാക്കിസ്ഥാന്‍ മേൽക്കൈ നേടിയപ്പോള്‍ 14 ഓവറിൽ ദക്ഷിണാഫ്രിക്കയ്ക്ക് 108 റൺസ് മാത്രമേ നേടാനായുള്ളു.