അത്‌ലറ്റിക്കോ ഡി കൊൽക്കത്ത

ഇന്ത്യന്‍ ഫുട്ബോളിന്‍റെ തറവാട് എന്നു വേണമെങ്കില്‍ കൊൽക്കത്തയെ വിളിക്കാം. ഇന്ത്യന്‍ ഫുട്ബോളിലെ ഏറ്റവും വലിയ ആഘോഷവേദിയും, പോര്‍ക്കളവുമായിരുന്നു കൊൽക്കത്ത. ഫുട്ബോള്‍ നെഞ്ചേറ്റിയ ജനത, ഇന്ത്യന്‍ ഫുട്ബോളിനെ ആഗോളപ്രശസ്ഥിയിലേക്കുയര്‍ത്തിയ ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍, മുഹമ്മദന്‍സ് തുടങ്ങിയ ചരിത്രപ്രാധ്യാനമുള്ള ക്ലബുകളുടെ ജന്മഭൂമി. ചോരയും, മരണവും വരെ കണ്ട ചരിത്രപ്രസിദ്ധമായ ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍ ക്ലബുകള്‍ തമ്മിലുള്ള കൊൽക്കത്ത നാട്ടങ്കത്തിന്‍റെ രണഭൂമി. ഇതൊക്കെ കണ്ട് തന്നെയാണു ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എന്ന പുതിയ പരീക്ഷണത്തിന്‍റെ ആദ്യപരീക്ഷണ വേദിയായി കൊല്‍ക്കത്തയെ ഐ.എസ്.എല്‍ നടത്തിപ്പുകാര്‍ തെരഞ്ഞെടുത്തത്. ആദ്യമൊന്നു സംശയിച്ച കൊൽക്കത്ത സൗരവ് ദാദയുടെ ടീമിനെ ഏറ്റടുക്കാന്‍ പക്ഷേ അധികം താമസമുണ്ടായില്ല, ആദ്യസീസണിലെ ചാമ്പ്യന്‍പട്ടം അവര്‍ ആഘോഷിക്കുക തന്നെയായിരുന്നു.

വലിയ രണ്ടു വെല്ലുവിളികളാണു ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പ്രഥമ ചാമ്പ്യന്മാരെ മൂന്നാം സീസണിൽ കാത്തിരിക്കുന്നത്. സൗരവ് ഗാംഗുലിയുടെ ടീമിനെ കാത്തിരിക്കുന്ന ആദ്യ വെല്ലുവിളി ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സ്റ്റേഡിയങ്ങളില്‍ ഒന്നായ സാള്‍ട്ട്‍ലേക്ക് സ്റ്റേഡിയത്തിൽ നിന്നു രബീന്ദ്ര സരോഭര്‍ സ്റ്റേഡിയത്തിലേക്കുള്ള മാറ്റമാണ്. ഇന്ത്യയില്‍ അടുത്ത വര്‍ഷം നടക്കുന്ന 17 വയസ്സിനു താഴെയുള്ളവരുടെ ലോകകപ്പില്‍ ഫൈനലടക്കം പ്രഥാനമത്സരങ്ങള്‍ക്കു വേദിയാകുമെന്നു കരുതപ്പെടുന്ന സാള്‍ട്ട്‍ലേക്ക് സ്റ്റേഡിയം അതിനായുള്ള അറ്റകുറ്റപണിയിലാണ്. 68,000 ത്തിനു മുകളിൽ കാണികളെ ഉള്‍കൊള്ളാവുന്ന സാള്‍ട്ട് ലേക്കിലേക്കു ഏതാണ്ടു 45, 000 മുകളില്‍ കാണികള്‍ ഓരോ മത്സരത്തിനും കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി ഒഴുകിയെത്തി എന്നാണു കണക്കുകള്‍. എന്നാല്‍ ഈ കാണികളുടെ പകുതി ഉള്‍കൊള്ളാന്നെ രബീന്ദ്ര സരോഭര്‍ സ്റ്റേഡിയത്തിനാവുകയുള്ളു. 26, 000 പേരെ മാത്രം ഉള്‍കൊള്ളാവുന്ന രബീന്ദ്ര സരോഭര്‍ സ്റ്റേഡിയം ഒരു തരത്തിലും സാള്‍ട്ട് ലേക്കിനു പകരം വക്കാനാവില്ല എന്നതാണു സത്യം. കാണികളില്‍ ഉണ്ടാവുന്ന ഈ കുറവ് ഹോം മത്സരങ്ങളിൽ ടീമിനെ എങ്ങനെ ബാധിക്കുമെന്നു കണ്ട് തന്നെ അറിയേണ്ടി വരും. അതിനോടൊപ്പം ടീം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാവും കഴിഞ്ഞ രണ്ടു വര്‍ഷമായില്‍ ടീമിനെ പരിശീലിപ്പിച്ച കോച്ച് അന്‍റോണിയോ ഹബ്ബാസിന്‍റെ ടീം വിടല്‍. വേതന പ്രശ്നമാണു ഹബ്ബാസ് ടീം വിടാനുള്ള കാരണമായി പറയപ്പെടുന്നത്. മറ്റൊരു ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമായ പൂനെ എഫ്.സിയിലേക്കാണു ഹബ്ബാസ് കൂടുമാറിയിരിക്കുന്നത്.

ആദ്യ സീസണിലെ ചാമ്പ്യന്‍ പട്ടം നിലനിര്‍ത്താന്‍ ആയില്ലെങ്കിലും കഴിഞ്ഞ തവണ സെമിഫൈനൽ വരെ എത്താന്‍ കൊൽക്കത്തയ്ക്കായി. സ്പാനിഷ് ക്ലബ് അത്ലെറ്റിക്കോ മാഡ്രിഡിനു പങ്കാളിത്തമുള്ള കൊൽക്കത്തയുടെ പ്രധാന കരുത്തുകളില്‍ ഒന്നും കളത്തിനു പുറത്തും അകത്തുമുള്ള സ്പാനിഷ് സാന്നിധ്യമാണ്. അന്‍റോണിയോ ഹബ്ബാസിനെ പോലെ തന്നെ പുതിയ കോച്ച് ഫ്രാന്‍സിസ്കോ മൊലീനയും അത്ലെറ്റികോ മാഡ്രിഡില്‍ നിന്നു തന്നെയാണു എത്തുന്നത്. മുന്‍ അത്ലെറ്റികോ മാഡ്രിഡ് ഗോള്‍ കീപ്പറായിരുന്ന മൊലീന 415 ലാലീഗ മത്സരങ്ങളില്‍ വലകാത്തിട്ടുണ്ട്. സ്പെയിനിനായി 9 മത്സരങ്ങള്‍ കളിച്ച പരിചയവും ഇദ്ദേഹത്തിനുണ്ട്. പരിശീലനരംഗത്ത് അത്രവലിയ അനുഭവപരിചയം അവകാശപ്പെടാനില്ലെങ്കിലും 46 കാരനായ കാന്‍സറിനെ വരെ അതിജീവിച്ച മൊലീനയുടെ പോരാട്ടവീര്യത്തിലാവും കൊൽകത്തയുടെ പ്രതീക്ഷകള്‍ കിടക്കുക.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ തന്നെ ഏറ്റവും അപകടകരമായ മുന്നേറ്റനിരയാവും കൊൽക്കത്തയുടെ പ്രധാനശക്തി. കഴിഞ്ഞ സീസണിന്‍റെ തുടക്കത്തില്‍ പരിക്കിനെ തുടര്‍ന്നു നേരത്തെ പിന്മാറേണ്ടില്‍ വന്ന ടീമിന്‍റെ മാര്‍ക്വീ താരം കൂടിയായ മുന്‍ പോര്‍ച്ചുഗീസ് ഫോര്‍വേഡ് ഹെൽഡര്‍ പൊസ്റ്റീകയോടൊപ്പം ആദ്യസീസണിൽ ബ്ലാസ്റ്റേഴ്സിനൊപ്പവും രണ്ടാം സീസണിൽ കൊൽക്കത്തയ്ക്കൊപ്പവും മിന്നുന്ന പ്രകടനം കാഴ്ച വച്ച ഇയാന്‍ ഹ്യൂം കൂടി ചേരുമ്പോള്‍ എതിര്‍ പ്രതിരോധങ്ങളുടെ പേടിസ്വപ്നമായി മാറും കൊൽക്കത്ത മുന്നേറ്റം. കഴിഞ്ഞ സീസണില്‍ 2 ഹാട്രിക് അടക്കം 11 ഗോളുകള്‍ നേടിയ കാനഡതാരം ഹ്യൂമിന്‍റെ കാലുകള്‍ ഇത്തവണയും ഗോളുകള്‍ തന്നെയാവും ലക്ഷ്യം വയ്ക്കുക. ഇവര്‍ക്കു പിന്തുണ നൽകാന്‍ സ്പാനിഷ് താരം യുവാന്‍ ബെലെൻകോസയുമുണ്ട്. പൊതുവെ മികച്ച മധ്യനിര എന്നും കൊൽകത്തയുടെ വലിയ ശക്തിയാണ്. ഇന്ത്യന്‍ താരങ്ങളായ ബിക്രംജിത്ത് സിംഗ്, ജുവല്‍ രാജ എന്നിവര്‍ക്കൊപ്പം വിദേശതാരം നാറ്റോയേയും നിലനിര്‍ത്തിയ ടീം, ക്യാപ്റ്റന്‍ കൂടിയായ സ്പാനിഷ് താരം ബോജ ഫെര്‍ണാണ്ടസിനേയും നിലനിര്‍ത്താന്‍ മറന്നില്ല. ഒപ്പം ആദ്യ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്‍റെ മുന്നേറ്റത്തിൽ പ്രധാന പങ്ക് വഹിച്ച സ്കോട്ട്‍ലാണ്ട് താരം സ്റ്റീഫന്‍ പിയേര്‍സനേയും ടീമില്‍ എത്തിച്ചു. ഇവര്‍ക്കൊപ്പം സ്പാനിഷ് താരം ജാവില്‍ ലാറ, ദക്ഷിണാഫ്രിക്കന്‍ താരം സമീങ് ദൗത്തിയും ഇറങ്ങും. വലിയ പേരുകളിലില്ലെങ്കിലും ഈ മധ്യനിര എവിടെയും ആശ്രയിക്കാവുന്നതാണ്. പ്രതിരോധത്തില്‍ അനുഭവപരിചയമുള്ള സ്പാനിഷ് താരങ്ങളായ ടിറി, ഗല്ലാര്‍ഡോ എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ കരുത്തിലാണു കൊൽക്കത്ത വിശ്വാസം അര്‍പ്പിച്ചിരിക്കുന്നത്. മികച്ച ഇന്ത്യന്‍ താരങ്ങളായ അര്‍ണബ് മൊണ്ടാൽ, പ്രബീര്‍ ദാസ്, ദീപനാദ് തുടങ്ങിയവര്‍ അണിനിരക്കുന്ന പ്രതിരോധത്തിൽ ടീം വിട്ട മലയാളി താരം റിനോ ആന്‍റോയുടെ അഭാവം നിഴലിച്ചേക്കും. ഇന്ത്യന്‍ ഗോള്‍കീപ്പര്‍മാരായ ദെബ്ജിത് മംജൂദെർ, ഷിള്‍ട്ടന്‍ പോള്‍ തുടങ്ങിയവര്‍ ടീമിൽ ഉണ്ടങ്കിലും 37 കാരന്‍ സ്പാനിഷ് ഗോള്‍കീപ്പര്‍ ഡാനി മല്ലോയിൽ ആവും മൊലീന വിശ്വാസം അര്‍പ്പിക്കാന്‍ സാധ്യത.

ഇന്ത്യന്‍ ഫുട്ബോളിന്‍റെ ഏറ്റവും വലിയ രണഭൂമിയായ കൊൽക്കത്തയുടെ സ്വന്തം കടുവകള്‍ക്കു ഏറ്റവും വലിയ വെല്ലുവിളിയാവുക ആരാധക പ്രതീക്ഷകള്‍ തന്നെയാവും. മൊലീനയിലും സംഘത്തിലും ആരാധകര്‍ ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്. ആദ്യ സീസണിലെ കീരീട പ്രകടനം, രണ്ടാം സീസണിലേ സെമി പ്രവേശനം ഇവ മുന്നോട്ട് വയ്ക്കുന്ന വലിയ പ്രതീക്ഷകള്‍ ടീമിനു അതിജീവിക്കാന്‍ ആവുമോ എന്നു കണ്ടറിയണം. കോച്ചിലും, സ്റ്റേഡിയത്തിലും വന്ന മാറ്റങ്ങളോട് ടീം എങ്ങനെ പ്രതികരിക്കും എന്നതാണു എല്ലാവരും ഉറ്റുനോക്കുന്ന വലിയകാര്യം. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ടാമത്തെ മത്സരത്തിൽ ഒക്റ്റോബര്‍ രണ്ടിനു മുന്‍ വര്‍ഷങ്ങളിലെ ചാമ്പ്യന്മാരുടെ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്.സിയാണു കൊൽക്കത്തയുടെ ആദ്യ എതിരാളികള്‍.

സിംഗിള്‍സിലേക്കുള്ള ദൂരം

നൂറ്റിമുപ്പത് കോടി ജനങ്ങളിൽ നിന്ന് എന്തുകൊണ്ട് ഒരു ഒളിമ്പിക് മെഡൽ ജേതാവ് ഉണ്ടാകുന്നില്ല എന്ന ചോദ്യം പോലെ പ്രസക്തമായിരുന്നു എന്തുകൊണ്ട് ഏഷ്യാ ഭൂഖണ്ഡത്തിൽ നിന്നുതന്നെ ഒരു ഗ്രാൻഡ്സ്ലാം സിംഗിൾസ് ചാമ്പ്യൻ ഉണ്ടാവുന്നില്ലെന്നുള്ളത് ! ചൈന എന്ന രാജ്യം ഇല്ലായിരുന്നെങ്കിൽ ജനസംഖ്യയും ഇതൊന്നും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നുള്ള
തൊടുന്യായമെങ്കിലും പറയാമായിരുന്നു പക്ഷേ കാലങ്ങളായി ഒളിമ്പിക്സിലും, പിന്നെ ലി നാ എന്ന ഏഷ്യയിലെ ഏക ഗ്രാൻഡ്സ്ലാം സിംഗിൾസ് ചാമ്പ്യനെ സമ്മാനിക്കുക വഴി ടെന്നീസിലും അവർ അത്തരമൊരു ഒഴിഞ്ഞുമാറലിന്‌ പോലുമുള്ള അവസരം നിഷേധിച്ചു എന്നുവേണം പറയാൻ. ഇന്ത്യയുമായി തുലനം ചെയ്യുമ്പോൾ താരതമ്യേനെ കുറവ് ടെന്നീസ് പാരമ്പര്യം അവകാശപ്പെടാനുള്ള ചൈനയും നിഷിക്കോരിയിലൂടെ ജപ്പാനും സിംഗിൾസിൽ നമ്മളേക്കാൾ ഏറെ ദൂരം മുന്നോട്ട് സ’ഞ്ചരിച്ച് കഴിഞ്ഞു. നമുക്കാവട്ടെ ഇപ്പോഴും ടെന്നീസെന്നാൽ ഡബിൾസും മിക്സഡ് ഡബിൾസും മാത്രമായി ഒതുങ്ങി പോകുകയും ചെയ്യുന്നു.

vijay-amritrajരണ്ട് തവണ വിംബിൾഡൺ സെമിഫൈനൽ കളിച്ചിട്ടുള്ള രാമനാഥൻ കൃഷ്ണനും, സാക്ഷാൽ റോഡ് ലേവറെ വരെ തോൽപ്പിച്ചിട്ടുള്ള, നാലുതവണ ഗ്രാൻഡ്സ്ലാം സിംഗിൾസിൽ ക്വാർട്ടർ ഫൈനൽ കളിച്ചിട്ടുള്ള വിജയ് അമൃത് രാജിനും ശേഷം ഇന്ത്യൻ ടെന്നീസിൽ സിംഗിൾസിൽ എടുത്തുപറയത്തക്ക മുന്നേറ്റം ഉണ്ടായിട്ടുള്ളത് 1996 ഒളിമ്പ്കസിൽ സിംഗിൾസിൽ വെങ്കലം നേടിയ, ഒരിക്കൽ പീറ്റ് സാമ്പ്രാസിനെ അട്ടിമറിച്ചിട്ടുള്ള നാല്പത്തി മൂന്നിലും ഡബിൾസിൽ വിജയങ്ങൾ കൊണ്ടുവരുന്ന പേസിൽ നിന്ന് മാത്രമാണ്. ടെന്നീസ് എന്നൊരു കളിയുണ്ടെന്ന് അത്യാവശ്യം ഇന്ത്യക്കാരെ അറിയിച്ച, ഫോർ ഹാന്റ് സ്ട്രോക്കുകളുടെ വന്യമായ കരുത്തുകൊണ്ട് സിംഗിൾസ് റാങ്കിങ്ങിൽ ആദ്യ മുപ്പത് സ്ഥാനത്തിനുള്ളിൽ എത്തി വാനോളം പ്രതീക്ഷ നൽകിയ സാനിയയും പരിക്കിന്റെ പേരിലായാലും അവസാനം ഡബിൾസിന്റെ വഴി തന്നെ തിരഞ്ഞെടുത്തതും സിംഗിൾസ് മത്സരം കളിക്കാനുള്ള നമ്മുടെ താരങ്ങളുടെ കായിക ക്ഷമതയുടെയും മനോവീര്യത്തിന്റേയും അഭാവത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ഇങ്ങനെയൊക്കെ ആണെങ്കിലും കഴിഞ്ഞ മാസം അവസാനിച്ച യു എസ് ഓപ്പണിൽ കളിച്ച സാകേത് മൈനേനിയും, ലോകത്തെ ഏറ്റവും മികച്ച പരിശീലനം ലഭ്യമായിട്ടുള്ള ബാഴ്‌സലോണയിൽ പരിശീലിക്കുന്ന രാംകുമാർ രാമനാഥനും, ഓസ്‌ട്രേലിയൻ ഓപ്പൺ ജൂനിയർ കിരീടം നേടുകയും, ജൂനിയർ ഒന്നാം സീഡ് ആവുകയും ചെയ്ത യുകി ബാംബ്രിയും അല്പം ആശ്വാസം നൽകുന്നുണ്ട് എങ്കിലും പരാജയങ്ങളും പരിക്കും അവസാനം മറ്റൊരു ഡബിൾസ് പ്രതീക്ഷ മാത്രമായി അവസാനിക്കാതിരിക്കട്ടെ എന്ന് പ്രത്യാശിക്കാൻ മാത്രമേ നമുക്കിപ്പോൾ സാധിക്കൂ. സോംദേവ് ദേവ് വർമ്മനും ഒരിക്കൽ പ്രതീക്ഷയുടെ കിരണങ്ങൾ സമ്മാനിച്ചെങ്കിലും പരിക്കും തുടർന്നുള്ള മോശം ഫോമും വില്ലനാവുകയായിരുന്നു.

രാജ്യത്തെ ഒരു സർവ്വേ പ്രകാരം ടെന്നീസ് സർക്ക്യൂട്ടിൽ നിലനിൽക്കാൻ ഒരു കളിക്കാരന് ചുരുങ്ങിയത് അമ്പത് ലക്ഷം രൂപയോളം ചെലവ് വരുന്നു എന്നാണ് പറയുന്നത്. വിദേശ പരിശീലനം, വിദേശ പരിശീലകൻ പോലുള്ള ഭീമമായ ചിലവുകളും, മുതല്‍ മുടക്കാന്‍ വലിയ കമ്പനികള്‍ മുന്നോട്ട് വരാത്തതും (അപ്പോളോ ടയേഴ്സ് ‘മിഷന്‍2018’ എന്നൊരു പ്രോഗ്രാം വര്‍ഷങ്ങള്‍ക്ക് മുന്നേ ആരംഭിച്ചിരുന്നു), മോശം ശാരീരിക ക്ഷമതയും, വേണ്ട പ്രത്സാഹനം ബന്ധപ്പെട്ടവരിൽ നിന്നോ, കോളം തികയ്ക്കാൻ മാത്രമായി ടെന്നീസ് വാർത്ത യാതൊരു ശ്രദ്ധയും താലപര്യവുമില്ലാതെ നൽകുന്ന മാധ്യമങ്ങളിൽ നിന്നോ ലഭിക്കാത്തതും പലപ്പോഴും ഇന്ത്യൻ ടെന്നീസിനെ പുറകോട്ട് വലിക്കുന്നുണ്ടെങ്കിലും ഡബിൾസിനെ ഇതൊന്നും ബാധിക്കുന്നില്ല എന്നതാണ് വസ്തുത. കൂടുതൽ ടൂർണമെൻറുകളും, റാഫേൽ നദാൽ തുടങ്ങിയ പോലുള്ള കൂടുതൽ ടെന്നീസ് അക്കാദമികളും രാജ്യത്ത് വരുകയാണെങ്കിൽ തീർച്ചയായും വരും കാലങ്ങളിൽ സിംഗിൾസിൽ ഒരു ഇന്ത്യൻ മുന്നേറ്റം അസംഭവ്യമല്ല. ഫെഡറർ, ജോക്കോവിച്ച്, നദാൽ, മുറേ, വാവ്‌റിങ്ക മുതലായ ലോകോത്തര താരങ്ങൾ യുവത്വത്തെ മാനസികമായി ധാരാളം സ്വാധീനിക്കുന്നുണ്ട് എങ്കിലും മുൻപ് പറഞ്ഞ പോലെ കോർട്ടുകളുടെ അഭാവവും, ചിലവുകളും ടെന്നീസെന്ന സുന്ദരമായ കളിക്ക് പലപ്പോഴും വിലങ്ങുതടിയാവുകയാണ്. കഷ്ടപ്പെട്ട് വരുന്ന താരങ്ങളാവട്ടെ സിംഗിൾസിൽ വിചാരിച്ച മുന്നേറ്റം സംഭവിക്കാതെയാകുമ്പോൾ മനസ്സ് മടുത്ത് ചിലവ് കണ്ടെത്താന്‍ ഡബിൾസ് എന്ന താരതമ്യേന എളുപ്പമുള്ള മേഖലയിലേക്ക് കൂടുമാറാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്നു.

ടെന്നീസെന്നാൽ സിംഗിൾസ് മാത്രമല്ല എന്നറിയാമെങ്കിലും ഡബിൾസ് ഇതുപോലെ ശക്തമായി നിലനിൽക്കുകയും, നവരത്ലോവയെപ്പോലെ, ഹിംഗിസിനെപ്പോലെയൊക്കെ സിംഗിൾസിൽ മികവ് തെളിയിച്ച് റിട്ടയർമെൻറ് ലൈഫ് പോലെ ഡബിൾസിനെ കാണുന്ന താരങ്ങൾ ഉണ്ടാവുകയും ചെയ്യുകയാണെങ്കിൽ അത് രാജ്യത്തെ വരും തലമുറയ്ക്കുള്ള ശരിയായ ഒരു മാതൃകയും പ്രചോദനവുമായിരിക്കും. ബൊപ്പണ്ണയും, പേസും, സാനിയയും, ഭൂപതിയും തമ്മിൽതമ്മില്‍ ചേരാതെ ഇന്ത്യക്കാരല്ലാത്ത പങ്കാളികളുമായി കളിക്കുന്നതിനാൽ ഡബിൾസിൽ ഇന്ത്യൻ പ്രതീക്ഷകൾ പലപ്പോഴും കിരീടമെന്ന സ്വപ്നത്തിലേക്ക് എത്തിപ്പെടുന്നുണ്ട്. ശക്തമായ പ്രോത്സാഹനവും, സാമ്പത്തിക സഹായവും, മെച്ചപ്പെട്ട സൗകര്യങ്ങളും നൽകാൻ സാധിക്കുന്നില്ലെങ്കിൽ ക്രിക്കറ്റൊഴികെയുള്ള മറ്റു കളികളെപ്പോലെ ടെന്നീസും ഇപ്പോഴുള്ള പോലെ ഡബിൾസിൽ മാത്രമായി ഒതുങ്ങുകയും വരും കാലങ്ങളിലും ഗ്രാന്‍ഡ്‌സ്ലാം സിംഗിൾസിലെ ഇന്ത്യൻ സാന്നിധ്യമെന്നത് കമന്ററി പറയുന്ന വിജയ് അമൃത് രാജ് മാത്രമായി തുടരുകയും ചെയ്യും !!

Exit mobile version