സ്വന്തം മണ്ണിലെ അവസാന മത്സരത്തിൽ പരാജയത്തോടെ വിട പറഞ്ഞു ലിയാണ്ടർ പേസ്

- Advertisement -

ബാംഗ്ലൂർ ചലഞ്ചർ ഫൈനലിൽ തോൽവിയോടെ ലിയാണ്ടർ പേസ് ഇന്ത്യയോട് വിട പറഞ്ഞു. ഇന്ത്യൻ ടെന്നീസിലെ എക്കാലത്തെയും മഹാനായ താരം ആയ പേസിന്റെ ഇന്ത്യയിലെ അവസാന മത്സരം ആയിരുന്നു ഇത്. പൂനെ 250 മാസ്റ്റേഴ്സ് എന്ന പോലെ ഇന്ത്യൻ സഖ്യം ആയ പുരവ് രാജ, രാമനാഥൻ സഖ്യത്തോട് ആയിരുന്നു പേസും ഓസ്‌ട്രേലിയൻ താരം മാത്യു എബ്ഡനും അടങ്ങിയ സഖ്യം കീഴടങ്ങിയത്. 6-0, 6-3 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് മത്സരത്തിൽ കീഴടങ്ങിയ പേസ് സഖ്യത്തിന് രാമനാഥന്റെ സർവീസുകൾക്കും കരുത്തിനും ചെറുപ്പത്തിനും മുന്നിൽ പിടിച്ചു നിൽക്കാൻ ആയില്ല.

സ്വന്തം മണ്ണിലെ തന്റെ അവസാന മത്സരത്തിൽ ജയിക്കാൻ ആയില്ല എങ്കിലും തല ഉയർത്തി തന്നെയാവും പേസ് കളം വിടുക. 46 കാരനായ പേസ് ഇന്ത്യൻ ടെന്നീസിന് നൽകിയ സംഭാവനകൾ സാമാനതകൾ ഇല്ലാത്തത് തന്നെയാണ്. 1996 ലെ ബാഴ്‍സലോണ ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ പേസ് ടെന്നീസിലെ ഇന്ത്യയുടെ ഏക ഒളിമ്പിക് മെഡൽ ജേതാവ് കൂടിയാണ്. നിരവധി തവണ ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിൻസിൽ ഇന്ത്യൻ പതാക ഏന്തിയ പേസ് അവിടെയും നിരവധി നേട്ടങ്ങൾ കൈവരിച്ചു. ഡബിൾസിൽ പേസും മഹേഷ് ഭുബതിയും ഒരു കാലത്ത് ടെന്നീസിൽ ഇന്ത്യൻ യുഗം തന്നെ പിറന്നു. നിരവധി ഗ്രാന്റ് സ്‌ലാം കിരീടങ്ങളും എ. ടി. പി കിരീടങ്ങളും നേടിയ സഖ്യം ഒരു കാലത്ത് ലോകത്തിലെ ഏറ്റവും മികച്ച ഡബിൾസ്‌ ടീം ആയിരുന്നു. എന്നാൽ പിന്നീട് ഇരുവരും പരസ്പരം തെറ്റിയ ശേഷവും വ്യത്യസ്ത നിലക്ക് കരിയർ തുടർന്ന താരങ്ങൾ തുടർന്നും നേട്ടങ്ങൾ കൈവരിച്ചു.

മിക്‌സിഡ്‌ ഡബിൽസിലും ഡബിൽസിലും ഭുബതിക്ക് ശേഷവും നിരവധി നേട്ടങ്ങൾ ആണ് പേസ് കൈവരിച്ചത്. ഇടക്ക് ഇതിഹാസതാരം മാർട്ടിന നവരത്നോവ അടക്കം നിരവധി താരങ്ങൾ പേസിന്റെ ഡബിൾസ്‌ പങ്കാളി ആയി. ഇടക്ക് സാനിയ മിർസയും ആയിട്ടും പേസ് സഖ്യം ഉണ്ടാക്കി. എന്നും ഡേവിസ് കപ്പിൽ പേസ് ഇന്ത്യക്ക് ആയി ഏറ്റവും വലിയ പോരാളിയായി. പാക്കിസ്ഥാനെതിരെ നിർണായക മത്സരം ജയിച്ച് ലോക ഗ്രൂപ്പിലേക്ക് യോഗ്യത നേടി കൊടുത്ത പേസിന്റെ പ്രകടനം ഇന്ത്യൻ ടെന്നീസ് ആരാധകർ ഒരിക്കലും മറക്കാൻ ഇടയില്ലാത്തത് ആണ്. ഇത്തവണയും ക്രൊയേഷ്യക്ക് എതിരായ ഡേവിസ് കപ്പ് ടീമിൽ പേസ് ഇടം പിടിച്ചിട്ടുണ്ട്. ഇതിഹാസതാരത്തിന്റെ വിടവാങ്ങൽ മത്സരം പരാജയത്തിൽ അവസാനിച്ചത് ആരാധകരെ നിരാശയിൽ ആക്കുന്നുണ്ട്. എന്നാൽ അതിനുമപ്പുറം അർഹിക്കുന്ന ഒരു വിടവാങ്ങൽ ഇന്ത്യ കണ്ട ഏറ്റവും മഹാനായ താരത്തിനു ലഭിച്ചോ എന്നത് ഇന്ത്യൻ കായികലോകത്തെ കുഴക്കുന്ന ഒരു ചോദ്യമായി തന്നെ അവസാനിക്കും.

Advertisement