ഇന്ത്യയുടെ തന്നെ അഭിമാനമായ സുനിൽ ഛേത്രിക്ക് പത്മശ്രീ പുരസ്കാരം ലഭിക്കും. കല, വിദ്യാഭ്യാസം, സാഹിത്യം, ശാസ്ത്രം, കായികം, പൊതുസേവനം എന്നീ വിഷയങ്ങളിൽ മികവ് തെളിയിക്കുന്ന ഇന്ത്യക്കാർക്ക് കേന്ദ്ര സർക്കാർ നൽകുന്ന പുരസ്കാരമായ പത്മശ്രീ അവസാനം ഇന്ത്യൻ ഫുട്ബോൾ ഇതിഹാസത്തെ തേടി എത്തിയിരിക്കുകയാണ്. ഫുട്ബോളിലൂടെ ഇന്ത്യൻ കായിക ലോകത്തിന് ഛേത്രി നൽകിയ സംഭാവന പരിഗണിച്ചാണ് പുരസ്കാരം.
ഇന്ത്യക്കായി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങൾ കളിച്ച താരമാണ് ഛേത്രി. ഇന്ത്യക്കായി 67 ഗോളുകളും ഛേത്രി നേടിയിട്ടുണ്ട്. ലോക ഫുട്ബോളിൽ ഇപ്പോൾ കളിക്കുന്നവരുടെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിറകിൽ രണ്ടാം സ്ഥാനത്താണ് ഛേത്രി. ഏഷ്യാ കപ്പിൽ നേടുയ ഗോളോടെ ഛേത്രി മെസ്സിയെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണത്തിൽ മറികടന്നിരുന്നു.
ഇന്ത്യൻ ഫുട്ബോളിന്റെ ഇപ്പോഴത്തെ ഉയർച്ചയിൽ പ്രധാന പങ്കുള്ള താരം കൂടിയാണ് ഛേത്രി. ഭാരതരത്നം, പത്മ വിഭൂഷൺ, പത്മഭൂഷൺ എന്നീ പുരസ്കാരങ്ങൾ കഴിഞ്ഞ് ഭാരതീയർക്ക് കിട്ടാവുന്നതിലെ ഏറ്റവും ഉയർന്ന പുരസ്കാരം ആണ് പത്മശ്രീ.