ഒളിമ്പിക്സിൽ തന്റെ സ്വർണം നിലനിർത്തി നീന്തൽ സൂപ്പർ സ്റ്റാർ ആദം പീറ്റി. പുരുഷന്മാരുടെ 100 മീറ്റർ ബ്രസ്റ്റ് സ്ട്രോക്കിൽ ലോക റെക്കോർഡ് ജേതാവ് ആയ പീറ്റി 57.37 സെക്കന്റിൽ നീന്തിക്കയറിയാണ് തന്റെ സ്വർണ മെഡൽ നിലനിർത്തിയത്. ഇതോടെ ഒളിമ്പിക് സ്വർണം നിലനിർത്തുന്ന ആദ്യ ബ്രിട്ടീഷ് താരം ആയി ആദം പീറ്റി. ഡച്ച് താരം അർണോ കമിംഗ ഈ ഇനത്തിൽ വെള്ളി നേടിയപ്പോൾ ഇറ്റാലിയൻ താരം നിക്കോള മാർട്ടിനെഗി വെങ്കലം നേടി. വനിതകളുടെ 100 മീറ്റർ ബട്ടർഫ്ലെയിൽ കനേഡിയൻ താരം മാർഗരറ്റ് മക്നെയിൽ സ്വർണം നേടി. 55.59 സെക്കന്റിൽ നീന്തിക്കയറിയാണ് 21 കാരിയായ കനേഡിയൻ താരം സ്വർണം നേടിയത്. ചൈനീസ് താരം ഷാങ് യുഫെ വെള്ളി നേടിയപ്പോൾ ഓസ്‌ട്രേലിയൻ താരം എമ്മ മക്കോനു ആണ് വെങ്കലം.
വനിതകളുടെ 400 മീറ്റർ ഫ്രീ സ്റ്റെയിലിൽ നിലവിലെ ഒളിമ്പിക് ജേതാവും ലോക റെക്കോർഡ് നേട്ടവുമുള്ള അമേരിക്കൻ താരം കെയ്റ്റി ലെഡക്കിയെ മറികടന്നു ഓസ്‌ട്രേലിയൻ താരം അരിആർനെ ടിറ്റ്മസ് സ്വർണം നേടി. 3.56.69 എന്ന സമയം കുറിച്ചാണ് ഓസ്‌ട്രേലിയൻ താരം സ്വർണം നീന്തി എടുത്തത്. അമേരിക്കൻ താരം വെള്ളി നേടിയപ്പോൾ ചൈനയുടെ ലി ബിഞ്ചിക്ക് ആണ് ഈ ഇനത്തിൽ വെങ്കലം. പുരുഷന്മാരുടെ 4×100 മീറ്റർ ഫ്രീ സ്റ്റൈൽ റിലേയിൽ അമേരിക്ക സ്വർണം കരസ്ഥമാക്കി. 3.08.97 എന്ന സമയം ആണ് അവർ കുറിച്ചത്. ഈ ഇനത്തിൽ ഇറ്റലി വെള്ളി നേടിയപ്പോൾ ഓസ്‌ട്രേലിയ വെങ്കലം നേടി. അതേസമയം വനിതകളുടെ 100 മീറ്റർ ബാക് സ്ട്രോക്ക് ആദ്യ സെമിയിൽ 57.86 സെക്കന്റ് സമയം കുറിച്ചു അമേരിക്കൻ താരം റീഗൻ സ്മിത്ത് പുതിയ ഒളിമ്പിക് റെക്കോർഡ് കുറിച്ചു.