സ്വിമിങ് പൂളിൽ എല്ലാവരെയും ഞെട്ടിച്ചു 18 കാരനായ ടുണീഷ്യൻ നീന്തൽ താരം അഹ്മദ് ഹാഫനോയ്. യോഗ്യതയിൽ ഏറ്റവും അവസാന സ്ഥാനക്കാരനായി ഫൈനലിൽ യോഗ്യത നേടിയ 18 കാരൻ എല്ലാവരെയും ഞെട്ടിച്ചു ഫൈനലിൽ നീന്തി കയറിയത് സ്വർണവും ആയി. കഴിഞ്ഞ വർഷം വരെ റാങ്കിംഗിൽ ആദ്യ നൂറിൽ പോലും ഇല്ലാത്ത അഹ്മദ് ചരിത്രത്തിൽ ടുണീഷ്യക്ക് ആയി നീന്തൽ കുളത്തിൽ നേടുന്ന രണ്ടാമത്തെ മാത്രം സ്വർണം ആണ് ഇന്ന് കുറിച്ചത്. 3.43.36 എന്ന സമയം കുറിച്ചാണ് 18 കാരൻ ഒളിമ്പിക്‌സിൽ തന്റെ ആദ്യ സ്വർണ മെഡൽ നേട്ടം കൈവരിച്ചത്. ഓസ്‌ട്രേലിയൻ താരം ഈ ഇനത്തിൽ വെള്ളി നേടിയപ്പോൾ അമേരിക്കൻ താരത്തിന് ആണ് വെങ്കലം.
അതേസമയം തങ്ങളുടെ ഏറ്റവും വലിയ ശക്തിയായ നീന്തലിൽ ഓസ്‌ട്രേലിയൻ താരങ്ങൾ മികവ് തുടരുകയാണ്. വനിതകളിൽ 4×100 മീറ്റർ ഫ്രീ സ്റ്റൈൽ റിലേയിൽ തങ്ങളുടെ തന്നെ ലോക റെക്കോർഡ് സമയം ആണ് ഓസ്‌ട്രേലിയൻ ടീം തിരുത്തിയത്. 3 മിനിറ്റ് 30 സെക്കന്റിന് അകത്ത് 4×100 മീറ്റർ ഫ്രീ സ്റ്റൈൽ റിലേ പൂർത്തിയാക്കുന്ന ആദ്യ ടീം ആയും അവർ മാറി. 3 മിനിറ്റ് 29.69 സെക്കന്റ് ആണ് അവർ കുറിച്ച സമയം. ഈ ഇനത്തിൽ കാനഡ വെള്ളി മെഡൽ നേടിയപ്പോൾ അമേരിക്കക്ക് ആണ് വെങ്കലം.
വനിതകളുടെ 400 മീറ്റർ വ്യക്തിഗത മെഡലെയിൽ ജപ്പാൻ താരം യുയി ക്വഷി ജപ്പാന് നീന്തൽ കുളത്തിലെ ആദ്യ സ്വർണം സമ്മാനിച്ചു. 4.32.8 മിനിറ്റിനുള്ളിൽ നീന്തിക്കയറിയ ജപ്പാൻ താരം 2 അമേരിക്കൻ താരങ്ങളെ പിന്തള്ളിയാണ് സ്വർണം സ്വന്തം പേരിൽ കുറിച്ചത്. അതേസമയം പുരുഷന്മാരുടെ 400 മീറ്റർ വ്യക്തിഗത മെഡലെയിൽ അമേരിക്ക ടോക്കിയോയിൽ നീന്തലിൽ തങ്ങളുടെ ആദ്യ സ്വർണം കരസ്ഥമാക്കി. ചേസ് കാലിസ് ആണ് 4.09.42 മിനിറ്റിനുള്ളിൽ നീന്തിക്കയറി സ്വർണം കരസ്ഥമാക്കിയത്. അമേരിക്കൻ താരം തന്നെ വെള്ളി കരസ്ഥമാക്കിയപ്പോൾ ഓസ്‌ട്രേലിയൻ താരത്തിനു ആണ് ഈ ഇനത്തിൽ വെങ്കലം.