നീന്തൽ കുളത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷ ആയ മലയാളി നീന്തൽ താരം സാജൻ പ്രകാശ് നാളെ മത്സരിക്കാൻ ഇറങ്ങും. പുരുഷന്മാരുടെ 200 മീറ്റർ ബട്ടർഫ്ലെയിൽ ആണ് ഇന്ത്യയുടെ വലിയ പ്രതീക്ഷയായ സാജൻ മത്സരിക്കുക. ചരിത്രത്തിൽ ആദ്യമായി ഒളിമ്പിക്‌സിലേക്ക് നേരിട്ട് എ കട്ട് യോഗ്യത നേടിയ സാജൻ സെമിഫൈനൽ യോഗ്യത എങ്കിലും നേടും എന്ന പ്രതീക്ഷയാണ് ആരാധകർക്ക്. രണ്ടാം ഹീറ്റ്സിൽ ആണ് സാജൻ മത്സരിക്കുക. നാളെ വൈകുന്നേരം ഏതാണ്ട് 3.30 മണിക്ക് ശേഷം ആവും സാജന്റെ മത്സരം നടക്കുക. രണ്ടു ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ നീന്തൽ താരം കൂടിയാണ് സാജൻ.
റിയോ ഒളിമ്പിക്‌സിൽ 28 സ്ഥാനക്കാരൻ ആയ നിരാശ മാറ്റാൻ ആവും ഇത്തവണ സാജൻ ഇറങ്ങുക. 200 മീറ്റർ ബട്ടർഫ്ലെയിൽ റോമിൽ 2021 ജൂണിൽ തന്റെ മികച്ച സമയം ആയ 1 മിനിറ്റ് 56.38 സെക്കന്റ് എന്ന ഏറ്റവും മികച്ച സമയം കുറിച്ച താരം മികച്ച ഫോമിലും ആണ്. ഇനത്തിൽ ദേശീയ റെക്കോർഡ് ജേതാവ് കൂടിയായ 28 കാരനായ സാജൻ നിലവിൽ ഈ സമയത്തിന് അടുത്ത് എത്തിയാൽ പോലും സെമിഫൈനൽ യോഗ്യത നേടാൻ ആവും എന്നാണ് കരുതുന്നത്. 30 വർഷങ്ങൾക്ക് ശേഷം ഈ ഇനത്തിൽ ഏഷ്യൻ ഗെയിംസ് സെമിഫൈനൽ യോഗ്യത നേടിയ 28 കാരനായ സാജൻ ചരിത്രത്തിൽ ആദ്യമായി ഒളിമ്പിക് സെമിഫൈനൽ നേട്ടം കൈവരിക്കുമോ എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്. കേരള പോലീസിൽ ഇൻസ്‌പെക്ടർ കൂടിയായ സാജൻ സെമിഫൈനൽ നേട്ടം കൈവരിച്ചാൽ അത് ഇന്ത്യൻ നീന്തൽ രംഗത്തിന് വലിയ ഉണർവ് ആവും എന്നുറപ്പാണ്.