ഒളിമ്പിക്സിൽ നീന്തൽ കുളത്തിൽ വീണ്ടും വീണ്ടും ഒളിമ്പിക് റെക്കോർഡുകൾ പഴയ കഥയായി. വനിതകളുടെ 200 മീറ്റർ ബട്ടർഫ്ലെയിൽ ഒളിമ്പിക് റെക്കോർഡ് നേടി തിരുത്തി കുറിച്ചാണ് ചൈനീസ് താരം ജാങ് യുഫെ സ്വർണം നേടിയത്. അമേരിക്കൻ താരങ്ങളെ രണ്ടും മൂന്നും സ്ഥാനങ്ങളിലേക്ക് പിന്തള്ളിയ ജാങ് തുടക്കം മുതൽ വലിയ ആധിപത്യം ആണ് പുലർത്തിയത്. 2 മിനിറ്റ് 03.86 സെക്കന്റിൽ നീന്തിക്കയറിയ ജാങ് പുതിയ ഒളിമ്പിക് സമയം കുറിച്ചു. 100 മീറ്റർ ബട്ടർഫ്ലെയിൽ വെള്ളിയിൽ ഒതുങ്ങിയ ബട്ടർഫ്ലെ സ്‌പെഷ്യലിസ്റ്റ് ആയ ജാങ് ഇത്തവണ പക്ഷെ സ്വർണം തന്നെ നീന്തിയെടുത്തു. അമേരിക്കയുടെ 19 കാരി റീഗൻ സ്മിത്ത് വെള്ളി മെഡൽ നേടിയപ്പോൾ മറ്റൊരു അമേരിക്കൻ താരം ഹാലി ഫ്ലിക്നകർ ആണ് വെങ്കലം നേടിയത്.
അതേസമയം പുരുഷന്മാരുടെ 200 മീറ്റർ ബ്രത്സ്ട്രോക്കിലും പുതിയ ഒളിമ്പിക് റെക്കോർഡ് പിറന്നു. ഓസ്‌ട്രേലിയൻ താരം സാക് സ്റ്റബ്ലറ്റി കുക്ക് ആണ് ഈ ഇനത്തിൽ പുതിയ ഒളിമ്പിക് റെക്കോർഡ് നേട്ടത്തോടെ സ്വർണം നേടിയത്. 2 മിനിറ്റ് 06.38 സെക്കന്റ് സമയത്തിൽ നീന്തിക്കയറിയ ഓസ്‌ട്രേലിയൻ താരം സ്വർണവും പുതിയ ഒളിമ്പിക് റെക്കോർഡും സ്വന്തം പേരിലാക്കി. 100 മീറ്റർ ബ്രത്സ്ട്രോക്കിലും വെള്ളി നേടിയ ഡച്ച് താരം അർണോ കമ്മിഗ ആണ് ഈ ഇനത്തിലും വെള്ളി മെഡൽ നേടിയത്. ഫിൻലാന്റിന് ആയി വെങ്കലം സമ്മാനിച്ച മാറ്റി മറ്റെസൻ ആണ് ഈ ഇനത്തിൽ വെങ്കലം നേടിയത്.