ചരിത്രത്തിൽ വനിതകളിൽ സാക്ഷാൽ സ്റ്റെഫി ഗ്രാഫ് മാത്രം നേടിയ ഒരു വർഷം നാലു ഗ്രാന്റ് സ്‌ലാമും ഒളിമ്പിക് സ്വർണവും എന്ന ‘ഗോൾഡൻ സ്‌ലാം’ നേട്ടം കൈവരിക്കാൻ ടോക്കിയോയിൽ ഇറങ്ങിയ നൊവാക് ജ്യോക്കോവിച്ച് സെമിയിൽ തോൽവി വഴങ്ങി. ഒളിമ്പിക്സിൽ ഇത് വരെ വളരെ മികച്ച ഫോമിലുള്ള ജ്യോക്കോവിച്ച് സെമിയിൽ തോൽവി വഴങ്ങിയത് തീർത്തും അവിശ്വസനീയ കാഴ്ച ആയിരുന്നു. നാലാം സീഡ് ജർമ്മൻ താരം അലക്‌സാണ്ടർ സാഷ സെരവ് ആണ് സെർബിയൻ താരത്തിന്റെ ചരിത്ര നേട്ടത്തിന് മുന്നിൽ വിലങ്ങു തടിയായത്. ആദ്യ സെറ്റിൽ അനായാസം ആധിപത്യം നേടിയ ജ്യോക്കോവിച്ച് 6-1 നു സെറ്റ് നേടി പതിവ് പോലെയാണ് തുടങ്ങിയയത്.
രണ്ടാം സെറ്റിൽ ആദ്യം തന്നെ ബ്രൈക്ക് കണ്ടത്തിയ ജ്യോക്കോവിച്ചിനു എതിരെ രണ്ടു തവണയും സെരവ് ബ്രൈക്ക് തിരിച്ചു പിടിച്ചു. തുടർന്ന് സെറ്റിനായുള്ള സർവീസിൽ അടക്കം ബ്രൈക്ക് പോയിന്റ് രക്ഷിച്ച ജർമ്മൻ താരം സെറ്റ് 6-3 നേടി മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. മൂന്നാം സെറ്റിൽ ആദ്യ സർവീസിൽ തന്നെ ബ്രൈക്ക് നേടിയ സാഷ തന്റെ അടുത്ത സർവീസിൽ കഷ്ടപ്പെട്ടു നാലു തവണ സർവീസ് നിലനിർത്തുകയും ചെയ്തു. തുടർന്ന് ഒരിക്കൽ കൂടി ബ്രൈക്ക് നേടിയ സാഷ 4-0 നു മുന്നിലെത്തി. തുടർച്ചയായ ഏഴാം ഗെയിം ആയിരുന്നു ജർമ്മൻ താരത്തിന് ഇത്. തളർന്നത് ആയി കണ്ട ജ്യോക്കോവിച്ച് ഒടുവിൽ മൂന്നാം സെറ്റ് 6-1 നു കൈവിട്ടു മത്സരം അടിയറവ് പറഞ്ഞു. ഏതാണ്ട് രണ്ടു മണിക്കൂറിന് മുകളിൽ നീണ്ടു നിന്നു മത്സരം.
അവസാന 11 ഗെയിമിൽ പത്തും സാഷയാണ് ജയം കണ്ടത്. മത്സര ശേഷം ഫലം വിശ്വസിക്കാൻ ആവാതെ ആനന്ദകണ്ണീർ വീഴ്ത്തുന്ന സെരവിനെയും കാണാനായി. ഫൈനലിൽ സ്വർണ മെഡൽ പോരാട്ടത്തിൽ സ്പാനിഷ് താരം പാബ്ലോ ബുസ്റ്റയെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നു വരുന്ന റഷ്യൻ താരം കാരൻ ഖാചനോവ് ആണ് സെരവിന്റെ എതിരാളി. 6-3, 6-3 എന്ന സ്കോറിന് ആണ് റഷ്യൻ ഒളിമ്പിക് കമ്മിറ്റി താരമായ ഖാചനോവ് സെമിഫൈനലിൽ ജയിച്ചത്. ചരിത്രത്തിലെ ഏറ്റവും അപൂർവ്വമായ നേട്ടം കൈവിട്ട ജ്യോക്കോവിച്ചിനു ഇന്ന് തന്നെ മിക്സഡ് ഡബിൾസ് സെമിഫൈനൽ മത്സരവും ഉണ്ട്. ചിലപ്പോൾ ഒളിമ്പിക്‌സിനു ശേഷം യു.എസ് ഓപ്പണിന് മുമ്പ് ജ്യോക്കോവിച്ച് വിശ്രമം എടുക്കാനും സാധ്യതയുണ്ട്.കരിയറിൽ ഇതോടെ ഒളിമ്പിക് സ്വർണം എന്ന നേട്ടം സാധിക്കാൻ ഒരിക്കൽ കൂടി ജ്യോക്കോവിച്ച് പരാജയപ്പെട്ടു.