ഒളിമ്പിക്സ് ടെന്നീസിൽ ഇന്ത്യൻ പ്രതീക്ഷകൾക്ക് അന്ത്യം. ഒളിമ്പിക് ടെന്നീസ് സിംഗിൾസിൽ രണ്ടാം റൗണ്ട് മത്സരത്തിൽ ഇന്ത്യൻ താരം സുമിത് നാഗൽ ലോക രണ്ടാം നമ്പർ താരം റഷ്യൻ ഒളിമ്പിക് കമ്മിറ്റിയുടെ ഡാനിൽ മെദ്വദേവിനോട് നേരിട്ടുള്ള സെറ്റുകൾക്ക് ആണ് തോൽവി വഴങ്ങിയത്. തന്നെക്കാൾ വളരെ മികച്ച എതിരാളിക്ക് എതിരെ ഇന്ത്യൻ താരത്തിന് പിടിച്ചു നിൽക്കാൻ ആയില്ല. മുമ്പ് റോജർ ഫെഡറർ, ഡൊമിനിക് തീം എന്നിവർക്ക് എതിരെ യു.എസ് ഓപ്പണിൽ കളിച്ച നാഗൽ നേരിടുന്ന വലിയ എതിരാളി ആയിരുന്നു മെദ്വദേവ്.
കൂടുതൽ ധൈര്യത്തോടെ പേടിയില്ലാതെ ആക്രമിച്ചു കളിച്ച നാഗൽ പക്ഷെ നിരന്തരം പിഴവുകൾ വരുത്തി. ആദ്യ സെറ്റിൽ 6-2 നും രണ്ടാം സെറ്റിലും 6-1 നും ആണ് നാഗൽ മത്സരം കൈവിട്ടത്. 1996 നു ശേഷം ആദ്യമായി ഒളിമ്പിക് ടെന്നീസ് സിംഗിൾസിൽ ജയം കുറിക്കാൻ ആയത് തന്നെ നാഗലിന് വലിയ നേട്ടം ആണ്. അതേസമയം നാലാം സീഡ് ജർമ്മൻ താരം അലക്‌സാണ്ടർ സാഷ സെരവ് അനായാസം മൂന്നാം റൗണ്ടിലേക്ക് മുന്നേറി.