നീന്തലിലെ പുതിയ സൂപ്പർ താരം എന്നറിയപ്പെടുന്ന ഹംഗേറിയൻ താരം ക്രിസ്റ്റോഫ് മിലാക് പറച്ചിൽ സത്യമാക്കി പുരുഷന്മാരുടെ 200 മീറ്റർ ബട്ടർഫ്ലെയിൽ ഒളിമ്പിക് റെക്കോർഡ് നേട്ടത്തോടെ സ്വർണം നേടി. ഈ ഇനത്തിൽ ലോക റെക്കോർഡ് സമയവും സ്വന്തം പേരിലുള്ള മിലാക് 1 മിനിറ്റ് 51.25 സെക്കന്റുകൾ എടുത്ത് ആണ് സ്വർണം നീന്തിയെടുത്തത്. 2008 സാക്ഷാൽ മൈക്കിൽ ഫെൽപ്സ് നേടിയ റെക്കോർഡ് ആണ് മിലാക് പഴയ കഥയാക്കിയത്. നേട്ടത്തിന് ശേഷം വലിയ സന്തോഷം പ്രകടിപ്പിക്കാൻ പോലും മെനക്കെടാത്തത് താരത്തിന്റെ ആത്മവിശ്വാസം കാണിച്ചു തന്നു. ജപ്പാൻ താരം തമാരു ഹോണ്ടയാണ് ഈ ഇനത്തിൽ വെള്ളി മെഡൽ നേടിയത്. ശക്തനായ ഇറ്റാലിയൻ താരം ഫെഡറിക്കോ ബുർഡിസോയാണ് ഈ ഇനത്തിൽ വെങ്കലം നേടിയത്. 1988 നു ശേഷം ഇത് ആദ്യമായാണ് അമേരിക്കക്ക് ഈ ഇനത്തിൽ സ്വർണം ഇല്ലാത്തത്. നേരിയ വ്യത്യാസത്തിൽ ആണ് അവർക്ക് ഫെൽപ്സ് അടങ്ങുന്ന ടീം സൃഷ്ടിച്ച ലോക റെക്കോർഡ്(ഒളിമ്പിക് റെക്കോർഡും) നഷ്ടമായത്. വളരെ വികാരാതീതരായി കാണപ്പെട്ട ബ്രിട്ടീഷ് ടീം 100 വർഷത്തിലെ ഏറ്റവും മികച്ച പ്രകടനം ആണ് നീന്തൽ കുളത്തിൽ ഇതിനകം പുറത്ത് എടുക്കുന്നത്.
നീന്തൽ കുളത്തിൽ അമേരിക്കൻ തിരിച്ചടി തുടർന്നപ്പോൾ 1980 ൽ പങ്കെടുക്കാതിരുന്നപ്പോൾ മാത്രം മെഡൽ നേടാൻ ആവാത്ത 4×200 മീറ്റർ ഫ്രീസ്റ്റെയിൽ റിലെയിൽ അവർ മെഡൽ കൈവിട്ടു. 2016 റിയോയിലെ വെള്ളി മെഡൽ ബ്രിട്ടീഷ് ടീം സ്വർണം ആക്കുന്ന കാഴ്ച്ചയാണ് കാണാൻ ആയത്. 200 മീറ്ററിലെ വ്യക്തിഗത സ്വർണ മെഡൽ ജേതാവ് ടോം ഡീനും വെള്ളി മെഡൽ ജേതാവ് ഡങ്കൻ സ്കോട്ടും അടങ്ങിയ ബ്രിട്ടീഷ് ടീം ആദ്യ രണ്ടു പേർ നീന്തി കഴിഞ്ഞപ്പോൾ ഒന്നാമത് നിന്ന അമേരിക്കയെ മറികടന്ന കാഴ്ച ആവേശം നിറഞ്ഞത് ആയിരുന്നു. തുടർന്ന് റഷ്യൻ ഒളിമ്പിക് കമ്മിറ്റി ടീമും ഈ ഇനത്തിലെ ലോക ജേതാക്കൾ ആയ ഓസ്ട്രേലിയയും അമേരിക്കയെ മറികടന്നപ്പോൾ ഒളിമ്പിക്സ് ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നാണ് നാലാമത് ആയ അമേരിക്ക നേരിട്ടത്. 6 മിനിറ്റ് 58.58 സെക്കന്റിൽ ആണ് ബ്രിട്ടീഷ് ടീം റേസ് പൂർത്തിയാക്കിയത്.