എന്താണ് ഒളിമ്പിക്സ് എന്നു എന്താണ് പോരാട്ട വീര്യം എന്നു കളത്തിൽ കാണിച്ചു തന്നു ബ്രിട്ടീഷ് താരവും ഹെപതലോൺ ലോക ജേതാവും ആയ കാതറീന ജോൺസൻ തോംപ്സൻ. ഹെപതലോൺ യോഗ്യത ഹീറ്റിൽ ആണ് ആണ് ബ്രിട്ടീഷ് റെക്കോർഡ് ജേതാവും കോമൺവെൽത്ത് ജേതാവും ഒക്കെയായ ബ്രിട്ടീഷ് താരം തന്റെ പോരാട്ട വീര്യം ലോകത്തിനു കാണിച്ചത്. 2 ഇനങ്ങൾക്ക് ശേഷം 100 മീറ്റർ ഹർഡിൽസിൽ അടക്കം ജയിച്ച താരം ഹെപതലോണിൽ പോയിന്റിൽ മൂന്നാം സ്ഥാനത്ത് ആയിരുന്നു. 200 മീറ്ററിൽ ഇറങ്ങുമ്പോൾ അത് നിലനിർത്താൻ ആയിരുന്നു താരത്തിന്റെ ശ്രമം. എന്നാൽ ഓട്ടം തുടങ്ങി 100 മീറ്ററിനുള്ളിൽ കാലിനു പരിക്കേറ്റു താഴെ വീഴുന്ന താരത്തെയാണ് കാണാൻ സാധിച്ചത്.
എതിരാളികൾ റേസ് പൂർത്തിയാക്കിയ ഉടൻ വൈദ്യസഹായവുമായി അധികൃതർ എത്തിയെങ്കിലും കടുത്ത വേദനക്ക് ഇടയിലും അത് സ്വീകരിക്കാൻ ബ്രിട്ടീഷ് താരം തയ്യാർ ആയില്ല. വീൽചെയർ നിരസിച്ച കാതറീന മുടന്തി മുടന്തി തന്റെ റേസ് പൂർത്തിയാക്കിയ രംഗം ടോക്കിയോയിൽ കായിക രംഗത്തെ പോരാട്ട വീര്യത്തിന്റെ ഏറ്റവും വലിയ മാതൃകയായി. ഓട്ടത്തിനു ശേഷം കാതറീനയെ ഓടി വന്നു പുണർന്നു ആയിരുന്നു മറ്റു താരങ്ങൾ അവരുടെ താരത്തിനോടുള്ള ബഹുമാനം കാണിച്ചത്.ഇതോടെ ബ്രിട്ടന്റെ മെഡൽ പ്രതീക്ഷ കൂടിയായ കാതറീന ഹെപതലോണിൽ നിന്നു പിന്മാറി. പിന്മാറിയെങ്കിലും എന്നെന്നും കായിക രംഗത്ത് ഓർമ്മിക്കപ്പെടുന്ന ചിത്രം ആയിരിക്കും ഒറ്റക്ക് മുടന്തി റേസ് പൂർത്തിയാക്കുന്ന ബ്രിട്ടീഷ് താരത്തിന്റെ എന്നുറപ്പാണ്.