അത്ലറ്റിക് ചരിത്രം തന്നെ മാറ്റി എഴുതിയ കാണികളെ അത്ലറ്റിക് മത്സരങ്ങൾ കാണാൻ ഗാലരികളിൽ നിറച്ച ഇതിഹാസം എന്നു വിളിക്കാവുന്ന ഉസൈൻ ബോൾട്ട് യുഗത്തിന് ശേഷമുള്ള ആദ്യ ഒളിമ്പിക്സിലെ അത്ലറ്റിക് മത്സരങ്ങൾക്ക് നാളെ തുടക്കമാവും. 2008 ബെയ്ജിംഗ് ഒളിമ്പിക്സ് മുതൽ ട്രാക്കിനെ തീ പിടിപ്പിച്ച ബോൾട്ട് തന്നെയായിരുന്നു എന്നും ഒളിമ്പിക്‌സിലെ മുഖ്യ ആകർഷണം. അത് പ്രകടനങ്ങൾ കൊണ്ട് ബോൾട്ട് എന്നും നീതികരിക്കുകയും ചെയ്തിരുന്നു. ബോൾട്ടിന്റെ വിരമിക്കലിനു ശേഷമുള്ള ആദ്യ ഒളിമ്പിക്സ് ആവട്ടെ കാണികൾ പോലും ഇല്ലാതെ കോവിഡ് നിറം കെടുത്തിയാണ് നടക്കുന്നത്. എങ്കിലും ഒളിമ്പിക്‌സിന്റെ വീര്യം ഉൾക്കൊണ്ട് കാണികളുടെ അഭാവത്തിൽ അത്ലറ്റുകൾ മികച്ച പ്രകടനം പുറത്ത് എടുക്കും എന്നു തന്നെ നമുക്ക് പ്രതീക്ഷിക്കാം. ബോൾട്ടിനെ പോലൊരു സൂപ്പർ സ്റ്റാറിന്റെ അഭാവം അത്ലറ്റിക്സിന്റെ ഗ്ലാമർ കുറക്കുന്നു എങ്കിലും ഒളിമ്പിക്സിലെ എന്നത്തേയും മുഖ്യ ആകർഷണം അത്ലറ്റിക്സ് തന്നെയാണ്.
പുരുഷന്മാരുടെ 10000 മീറ്റർ സ്റ്റീപ്പിൽ ചേസ് ഫൈനൽ മാത്രമാണ് നാളെ അത്ലറ്റിക്സിൽ മെഡൽ നൽകപ്പെടുന്ന മത്സരം. മികച്ച പോരാട്ടം തന്നെ ഈ ഇനത്തിൽ നാളെ പ്രതീക്ഷിക്കാം. വനിതകളുടെ 100 മീറ്റർ ഹീറ്റ്‌സ്, പുരുഷന്മാരുടെ ഹൈ ജംപ് യോഗ്യത മത്സരങ്ങൾ, പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൽ ചെസ് ഹീറ്റ്‌സ്, പുരുഷന്മാരുടെ ഡിസ്കസ് ത്രോ യോഗ്യത മത്സരങ്ങൾ, വനിതകളുടെ 800 മീറ്റർ ഹീറ്റ്‌സ്, പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസ് ഹീറ്റ്‌സ്, വനിതകളുടെ 5000 മീറ്റർ ഹീറ്റ്‌സ്, വനിതകളുടെ ട്രിപ്പിൾ ജംപ്, ഷോട്ട് പുട്ട് യോഗ്യത മത്സരങ്ങൾ, മിക്സഡ് 4×400 മീറ്റർ റിലെ ഹീറ്റ്‌സ് എന്നിവ നാളെ നടക്കാനിരിക്കുന്ന മത്സരങ്ങൾ ആണ്.
നാളെ ഇന്ത്യൻ താരങ്ങളും കളത്തിൽ ഭാഗ്യം പരീക്ഷിക്കാൻ ഇറങ്ങുന്നുണ്ട്.വനിതകളുടെ 100 മീറ്റർ ഹീറ്റിൽ ദൂത്തി ചന്ദ് ഓടാൻ ഇറങ്ങും ഒപ്പം 3000 മീറ്റർ സ്റ്റീപ്പിൽ ചേസ് രണ്ടാം ഹീറ്റിൽ ഇന്ത്യയുടെ അവിനാശ് സാബിൾ ഇറങ്ങുമ്പോൾ മലയാളി താരം എം.പി ജാബിർ 400 മീറ്റർ ഹർഡിൽസിൽ അഞ്ചാം ഹീറ്റിൽ ഓടാൻ ഇറങ്ങും. ഒളിമ്പിക്‌സിൽ ആദ്യമായി ഉൾപ്പെടുത്തിയ 4×400 മീറ്റർ മിക്സഡ് റിലെയാണ് ഇന്ത്യൻ താരങ്ങൾ ഇറങ്ങുന്ന മറ്റൊരു ഇനം. രണ്ടാം ഹീറ്റിൽ ആയിരിക്കും സരതക് ബാമ്പറി, അലക്‌സ് ആന്റണി, രേവതി വീരമണി, സുഭ വെങ്കടേശൻ, ധനലക്ഷ്മി ശേഖർ എന്നിവർ അടങ്ങിയ ഇന്ത്യൻ ടീമാണ് ഈ ഇനത്തിൽ ഓടാൻ ഇറങ്ങുക. കാണികൾ ഇല്ലെങ്കിലും ഒളിമ്പിക്‌സിന്റെ ആവേശം പാരമ്യത്തിൽ എത്തിക്കും അത്ലറ്റിക്സ് എന്നുറപ്പാണ്.