പുരുഷന്മാരുടെ 100 മീറ്റർ ബട്ടർഫ്ലെ ഫൈനലിൽ തീ പാറും പോരാട്ടം ഉറപ്പ്. ഇന്നലെ ഈ ഇനത്തിലെ ലോക ജേതാവ് അമേരിക്കൻ താരം കാലബ് ഡ്രസൽ സ്ഥാപിച്ച ഒളിമ്പിക് റെക്കോർഡ് ആദ്യ സെമിഫൈനലിൽ തിരുത്തിയ 200 മീറ്റർ ബട്ടർഫ്ലെ സ്വർണ മെഡൽ ജേതാവ് ഹംഗറിയുടെ ക്രിസ്റ്റോഫ് മിലാക് കുറിച്ചത് 50.31 സെക്കന്റുകൾ എന്ന സമയം.
എന്നാൽ ആ നേട്ടത്തിന് വെറും മിനിറ്റുകൾ മാത്രം ആയുസ്സ് നൽകിയ ഡ്രസൽ രണ്ടാം സെമിഫൈനലിൽ തന്റെ ഒളിമ്പിക് റെക്കോർഡ് തിരിച്ചു പിടിച്ചു. ഇത്തവണ വെറും 49.71 സെക്കന്റിൽ നീന്തക്കയറിയ ഡ്രസൽ റെക്കോർഡ് സ്വന്തമാക്കി ഫൈനലിലേക്ക് ടിക്കറ്റ് എടുത്തു. 200 മീറ്റർ ബട്ടർഫ്ലെയിൽ ഇതിനകം സ്വർണം നേടിയ മിലാകും ഇതിനകം ടോക്കിയോയിൽ രണ്ടു സ്വർണം നേടിയ ഡ്രസലും നേർക്കുനേർ വരുമ്പോൾ തീപാറും ഫൈനൽ ഉറപ്പ്. ഡ്രസലിന്റെ ഏറ്റവും പ്രിയപ്പെട്ട ഇനം കൂടിയാണ് 100 മീറ്റർ ബട്ടർഫ്ലെ.