ഒളിമ്പിക് സൈക്കിളിങ് റോഡ് റേസിൽ അവിശ്വസനീയം എന്നു മാത്രം വിളിക്കാവുന്ന നേട്ടം കൈവരിച്ചു ഓസ്ട്രിയൻ സൈക്കിലിസ്റ്റ് അന്ന കിസൻഹോഫർ. സ്വന്തമായി പരിശീലകനോ 2017 നു ശേഷം പ്രൊഫഷണൽ കരാരോ ഇല്ലാത്ത അമച്വർ ആയി സൈക്കിൾ ചവിട്ടുന്ന താരം ടോക്കിയോയിൽ കുറിച്ചത് കായിക ചരിത്രത്തിലെ അവിശ്വസനീയ കഥ. കെബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിൽ നിന്നു കണക്കിൽ ബിരുദവും കാറ്റലോണിയയിലെ യൂണിവേഴ്‌സിറ്റിയിൽ നിന്നു കണക്കിൽ ഡോക്റ്ററേറ്റും ഉള്ള അന്ന ഈ ഇനത്തിൽ സ്വർണം നേടിയത് കായിക പ്രേമികൾക്ക് വിശ്വസിക്കാൻ ആയില്ല. പരിച്ചയാസമ്പന്നയായ ഡച്ച് സൈക്കിലിസ്റ്റ് അനനിക് വാനിനെ അടക്കമുള്ളവരെ മറികടന്ന് ആണ് 30 കാരിയായ ഇത് വരെ ഒരു പ്രധാന സൈക്കിളിംഗ് റേസ് പോലും ജയിക്കാത്ത അന്ന സ്വർണം നേടിയത്. രണ്ടാമത് എത്തിയ ഡച്ച് സൈക്കിളിസ്റ്റ് താൻ സ്വർണം നേടി എന്നു കരുതി ആഘോഷിക്കുന്ന കാഴ്ചയും കാണാൻ സാധിച്ചു. മുൻ ഒളിമ്പിക് ജേതാവും മുൻ 2 ലോക ജേതാക്കളും അടങ്ങിയ ഡച്ച് ടീം അടക്കമുള്ള വമ്പൻ സംഘത്തെ ആണ് ഓസ്ട്രിയൻ ടീമിലെ ഏക ആൾ ആയ അന്ന മറികടന്നത്.
ഫുജി മല നിരകളിൽ 137 കിലോമീറ്റർ റേസ് 3 മണിക്കൂർ 52 മിനിറ്റ് 45 സെക്കന്റുകൾ എടുത്ത് ആണ് ഇന്നും യൂണിവേഴ്‌സിറ്റിയിൽ കണക്ക് അധ്യാപിക കൂടിയായ അന്ന പൂർത്തിയാക്കിയത്. രണ്ടാം സ്ഥാനത്ത് എത്തിയ ഡച്ച് താരം അനനിക് വാൻ 3 മണിക്കൂർ 54 മിനിറ്റ് എടുത്തു റേസ് പൂർത്തിയാക്കാൻ. 3 മണിക്കൂർ 54 മിനിറ്റ് 14 സെക്കന്റുകൾക്ക് കൊണ്ട് റേസ് പൂർത്തിയാക്കിയ ഇറ്റാലിയൻ സൈക്കിലിസ്റ്റ് ലോഗോ ബോർഗിനി ആണ് ഈ ഇനത്തിൽ വെങ്കലം നേടിയത്. 2004 ഏതൻസ് ഒളിമ്പിക്‌സിനു ശേഷം ഇത് ആദ്യമായാണ് ഒളിമ്പിക്‌സിൽ ഓസ്ട്രിയ ഒരു സ്വർണ മെഡൽ നേടുന്നത്. സൈക്കിളിംഗിൽ ആവട്ടെ 1896 ഒളിമ്പിക്‌സിനു ശേഷം മാത്രമാണ് ഓസ്ട്രിയ ഒരു മെഡൽ സ്വന്തമാക്കുന്നത്. റോഡ് റേസിൽ പുരുഷ വിഭാഗത്തിലും അപ്രതീക്ഷിത സ്വർണ മെഡൽ ജേതാവിനെ ആണ് കാണാൻ ആയത്. ഇക്വഡോർ താരം റിക്കോർഡ് കരാപാസിന് ആണ് ഈ ഇനത്തിൽ സ്വർണം. ഒളിമ്പിക്‌സ് ചരിത്രത്തിൽ ഇക്വഡോർ നേടുന്ന വെറും രണ്ടാം സ്വർണം ആണിത്. ബെൽജിയം താരം വോട്ട് വാൻ വെള്ളി നേടിയപ്പോൾ സ്ലൊവേനിയൻ താരം പോകാകർ ഈ ഇനത്തിൽ വെങ്കലം നേടി.