ഒളിമ്പിക്‌സ് ഗ്രാമത്തിൽ ഏറ്റവും വലിയ ആകർഷണം ആയി ഇതിനകം മാറിയ നൊവാക് ജ്യോക്കോവിച്ച് കളത്തിലും തന്റെ സ്വാഭാവിക മികവ് കാത്ത് സൂക്ഷിക്കുന്നു. ഇന്ന് സിംഗിൾസ് ക്വാർട്ടർ ഫൈനൽ മത്സര ശേഷം നടന്ന മിക്സഡ് ഡബിൾസ് ക്വാർട്ടർ ഫൈനലിലും അനായാസ ജയം ആണ് ജ്യോക്കോവിച്ച് അടങ്ങിയ സഖ്യം നേടിയത്. ജ്യോക്കോവിച്ച് നിന സ്റ്റോജനോവിച് സഖ്യം ജർമ്മൻ സഖ്യമായ കെവിൻ, ലൗറ സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് തകർത്തത്. 6-1, 6-2 എന്ന സ്കോറിന് ജയം കണ്ട ജ്യോക്കോവിച്ച് സഖ്യം മെഡലിലേക്ക് ഒന്നു കൂടി അടുത്തു. ടോക്കിയോയിൽ ജ്യോക്കോവിച്ച് ഇരട്ട സ്വർണം നേടുമോ എന്നു കണ്ടു തന്നെ അറിയാം.
പോളണ്ട് സഖ്യമായ ഇഗ സ്വിയാറ്റക്, ലൂക്കാസ് കുബോട്ട് സഖ്യത്തെ വീഴ്‌ത്തി റഷ്യൻ ഒളിമ്പിക് കമ്മിറ്റിയുടെ എലെന വെർഷിന, അസ്ലൻ കാരസ്‌തേവ് സഖ്യവും സെമിയിലെത്തി. 6-4, 6-4 എന്ന സ്കോറിന് ആണ് റഷ്യൻ സഖ്യം ജയിച്ചത്. ജപ്പാൻ സഖ്യത്തെ സൂപ്പർ ടൈബ്രേക്കറിൽ വീഴ്‌ത്തി മറ്റൊരു റഷ്യൻ സഖ്യമായ ആന്ദ്ര റൂബ്ലേവ്, ആനസ്ത്യാഷ്യ സഖ്യവും സെമിയിൽ എത്തി. അതേസമയം സിറ്റിപാസ്, സക്കാരി എന്നിവർ അടങ്ങിയ ഗ്രീക്ക് സഖ്യത്തെ വീഴ്‌ത്തി വനിത ഒന്നാം നമ്പർ താരം ആഷ് ബാർട്ടി, ജോൺ പീർസ് സഖ്യവും സെമിയിൽ എത്തി. സൂപ്പർ ടൈബ്രേക്കറിൽ ആയിരുന്നു ഓസ്‌ട്രേലിയൻ ടീമിന്റെയും ജയം.