ചരിത്രത്തിൽ ആദ്യമായി ഒളിമ്പിക് ഫെൻസിങിൽ ഇന്ത്യ നാളെ പങ്കെടുക്കും. ഇന്ത്യക്ക് ആയി വനിതാ വിഭാഗത്തിൽ ഭവാനി ദേവി ആവും ചരിത്രം രചിക്കുക. നാളെ പുലർച്ചെ ഇന്ത്യൻ സമയം 5.30 നു നടക്കുന്ന മത്സരത്തിൽ ലോക 42 റാങ്കുകാരിയായ ഭവാനി ടുണീഷ്യൻ താരമായ നാദിയ ബെൻ അസീസിയെ നേരിടുമ്പോൾ അത് ഇന്ത്യക്ക് ഫെൻസിങ് എന്ന കായിക മേഖലയിൽ ഒളിമ്പിക് അരങ്ങേറ്റം കൂടിയാവും. ചെന്നൈയിലെ ഒരു ക്ഷേത്ര പൂജാരിയുടെ മകളിൽ നിന്നു കഠിനമായ പരിശ്രമം ഒന്നു കൊണ്ട് മാത്രം ഒളിമ്പിക്സിൽ എത്തിയ ഭവാനി ദേവിയുടെ സ്വപ്നം കൂടിയാണ് ഇവിടെ യാഥാർത്ഥ്യം ആവുന്നത്. ജൂനിയർ തലം മുതൽ ഫെൻസിങ് തുടങ്ങിയ ഭവാനി ദേവി പിന്നീട് 2014 ൽ അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത നൽകിയ സാമ്പത്തിക പിന്തുണയും പിന്നീട് ക്രിക്കറ്റ് താരം രാഹുൽ ദ്രാവിഡിന്റെ പേരിലുള്ള ‘ഗോ സ്പോർട്സ് ഫൗണ്ടേഷന്റെ’ അത്ലറ്റ് മെന്റർഷിപ്പ് പ്രോഗ്രാമിലൂടെ ലഭിച്ച പിന്തുണയും വഴിയാണ് ഇന്ത്യൻ കായികരംഗത്ത് അപൂർവ്വമായ ഫെൻസിങിൽ പുതിയ ഉയരങ്ങൾ തേടിയത്.
കോമൺവെൽത്ത് മത്സരങ്ങളിൽ സ്വർണ മെഡൽ നേടാനും താരത്തിന് ആയി. ഫെൻസിങ് നിർത്താൻ പോലും ആലോചിച്ച നിലയിൽ നിന്നു ഇറ്റലിയിൽ ലോക ഒന്നാം നമ്പർ താരങ്ങളോട് ഒപ്പം പോലും തന്റെ ഇറ്റാലിയൻ പരിശീലകൻ നിക്കോള സനോറ്റിയിൽ നിന്നു ലഭിച്ച മികച്ച പരിശീലനവും പിന്തുണയും ആണ് ഭവാനി ദേവിക്ക് ഒളിമ്പിക് യോഗ്യത നേടി കൊടുത്തത്. തന്റെ നേട്ടങ്ങൾക്ക് പിന്നിലുള്ള പരിശീലകന്റെ പങ്ക് എന്നും നന്ദിയോടെ ആവർത്തിക്കുന്നുമുണ്ട് ഭവാനി എന്നും. ഏഴു വർഷത്തോളം തലശേരിയിലെ സായ് കേന്ദ്രത്തിൽ ആയിരുന്നു മുമ്പ് ഭവാനി പരിശീലനം നടത്തിയത്. മാർച്ചിൽ നടന്ന ലോകകപ്പ് മത്സരത്തിലൂടെയാണ് ഭവാനി തന്റെ ഒളിമ്പിക് യോഗ്യത ഉറപ്പിച്ചത്. 11 വയസ്സിൽ സ്കൂളിൽ തിരഞ്ഞെടുക്കാനുള്ള അഞ്ച് ഇനങ്ങളിൽ ഫെൻസിങ് അല്ലാതെ ഒന്നിലും ഒഴിവ് വരാത്തത് കൊണ്ട് ഫെൻസിങ് ലോകത്ത് എത്തിയ ഭവാനി ദേവി എന്ന 27 കാരി നാളെ ഇന്ത്യക്ക് ആയി ടോക്കിയോയിൽ കുറിക്കുക പുതു ചരിത്രം തന്നെയാണ്.