ഇതിഹാസ താരം റോജർ ഫെഡറർ രാജ്യത്തിനായി കളിക്കാൻ സാധിക്കാതെ ഒളിമ്പിക്സിൽ നിന്നു പിന്മാറിയിട്ടും ടെന്നീസിൽ മികച്ച നേട്ടം കൈവരിച്ചു സ്വിസർലാന്റ് ടീം. വനിത വിഭാഗം സിംഗിൾസിൽ ചരിത്രത്തിൽ ആദ്യമായി ഒളിമ്പിക് സ്വർണം നേടുന്ന സ്വിസ് വനിത താരമായി മാറിയ ബലിന്ത ബെനചിച് ഫൈനലിൽ ചെക് റിപ്പബ്ലിക് താരം മാർക്കെട്ട വോണ്ടറോസോവയെ മൂന്നു സെറ്റും രണ്ടര മണിക്കൂറും നീണ്ട പോരാട്ടത്തിൽ ആണ് മറികടന്നത്. ഫ്രഞ്ച് ഓപ്പൺ ഫൈനലിന് ശേഷം ഒളിമ്പിക് ഫൈനലിലും ചെക് താരം അങ്ങനെ തോൽവി വഴങ്ങി. ആദ്യ സെറ്റിൽ കടുത്ത പോരാട്ടം ആണ് കണ്ടത്. എന്നാൽ നിർണായക ബ്രൈക്ക് നേടിയ സ്വിസ് താരം സെറ്റ് 7-5 കയ്യിലാക്കി മത്സരത്തിൽ മുന്നിലെത്തി.
എന്നാൽ രണ്ടാം സെറ്റിൽ ശക്തമായി തിരിച്ചു വരുന്ന ചെക് താരത്തെയാണ് കാണാൻ ആയത്. 6-2 നു സെറ്റ് അനായാസം നേടിയ ചെക് താരം മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. മൂന്നാം സെറ്റിൽ തുടക്കത്തിൽ ബ്രൈക്ക് വഴങ്ങിയ ശേഷം തിരിച്ചു രണ്ടു ബ്രൈക്കുകൾ നേടിയ ഒമ്പതാം സീഡ് ആയ സ്വിസ് താരം സ്വർണ മെഡലിനായി സർവീസ് ചെയ്യാൻ തുടങ്ങി. എന്നാൽ മൂന്നു തവണ മാച്ച് പോയിന്റ് രക്ഷിച്ച ചെക് താരത്തിന് അനിവാര്യമായ പരാജയം പക്ഷെ ഒഴിവാക്കാൻ ആയില്ല. 6-3 നു സെറ്റ് നേടിയ ബലിന്ത സ്വർണം സ്വിസ് ടീമിനായി സ്വന്തമാക്കി. കരിയറിലെ ഏറ്റവും വലിയ നേട്ടമാണ് ബലിന്തക്ക് ഇത്. നാളെ വനിത ഡബിൾസ് ഫൈനലിൽ വിക്ടോറിയക്ക് ഒപ്പം ചെക് ടീമിനെ നേരിടാൻ ഇറങ്ങുന്ന ബലിന്ത ലക്ഷ്യം വക്കുക രണ്ടാം സ്വർണം ആയിരിക്കും.