ബ്രിട്ടന്റെ ഒളിമ്പിക് ടെന്നീസ് ടീമിൽ ഉൾപ്പെട്ടു മുൻ ഗ്രാന്റ് സ്‌ലാം ജേതാവും രണ്ടു തവണ ഒളിമ്പിക് സുവർണ മെഡൽ ജേതാവും ആയ ആന്റി മറെ. 2012 ൽ ലണ്ടനിൽ റോജർ ഫെഡററെ വീഴ്ത്തി സ്വർണ മെഡൽ നേടിയ മറെ 2016 ൽ റിയോയിൽ അർജന്റീനയുടെ യുവാൻ ഡെൽ പോർട്ടോയെ മറികടന്നു നേട്ടം ആവർത്തിച്ചിരുന്നു. 34 കാരനായ ആന്റി മറെ പരിക്ക് കാരണം കളത്തിൽ നിന്നു പലപ്പോഴും പുറത്ത് ആണ്. സമീപകാലത്ത് തിരിച്ചു വന്ന താരം നിലവിൽ 119 റാങ്കുകാരൻ ആണ്. റാങ്കിംഗിൽ പിന്നിൽ ആണെങ്കിലും മുൻ ഒളിമ്പിക് ജേതാക്കൾക്ക് ഇളവ് ലഭിക്കുന്നത് കൊണ്ടാണ് മറെ ഒളിമ്പിക് ടീമിൽ ഇടം പിടിച്ചത്. അതേസമയം തിങ്കളാഴ്ച തുടങ്ങുന്ന വിംബിൾഡണിൽ വൈൽഡ് കാർഡ് ആയി യോഗ്യതയും നേടിയിട്ടുണ്ട് രണ്ടു തവണ വിംബിൾഡൺ ജേതാവ് ആയ മറെ. നിലവിൽ മൂന്നാം റാങ്കുകാരൻ ആയ സ്പാനിഷ് താരം റാഫേൽ നദാൽ, അഞ്ചാം റാങ്കുകാരൻ ആയ ഓസ്ട്രിയയുടെ ഡൊമനിക് തീം, പന്ത്രണ്ടാം റാങ്കുകാരൻ ആയ കാനഡയുടെ ഡെന്നിസ് ഷപോവലോവ് എന്നിവർ ഒളിമ്പിക്സിൽ നിന്നു പിന്മാറിയിട്ടുണ്ട്. ചിലപ്പോൾ കൂടുതൽ താരങ്ങൾ സമാനമായ പാത സ്വീകരിക്കാനും സാധ്യതയുണ്ട്.
ജൂലൈ 23 നു തുടങ്ങി ആഗസ്റ്റ് 8 നു അവസാനിക്കുന്ന വിധം ആണ് ടോക്കിയോ 2020 ഒളിമ്പിക്‌സിന്റെ മത്സരാക്രമം. സ്‌കോട്ട്‌ലൻഡുകാരനായ മറെക്ക് ഒപ്പം ആറു പേർ അടങ്ങുന്ന മികച്ച ടീമാണ് ബ്രിട്ടന്റെ ടെന്നീസ് ടീം. 2 വിംബിൾഡൺ അടക്കം 3 ഗ്രാന്റ് സ്‌ലാം കിരീടങ്ങളും 11 ഗ്രാന്റ് സ്‌ലാം ഫൈനലും കളിച്ച മറെക്ക് ഒപ്പം നിലവിലെ ബ്രിട്ടീഷ് ഒന്നാം നമ്പർ ആയ ഡാൻ ഇവാൻസും പുരുഷ സിംഗിൾസ് കളിക്കും. വനിതാ സിംഗിൾസിൽ യൊഹാന കോന്റ, ഹെതർ വാട്സൻ എന്നിവർ കളിക്കുമ്പോൾ ഇവർ തന്നെ വനിത ഡബിൾസിലും ബ്രിട്ടനെ പ്രതിനിധീകരിക്കും. അതേസമയം ആന്റി മറെയുടെ സഹോദരൻ ടീമിൽ ഇടം പിടിച്ചിട്ടില്ല. അതിനാൽ തന്നെ പുരുഷ ഡബിൾസിൽ ആന്റി മറെ ജോ സാൽസ്‌ബറിക്ക് ഒപ്പം കളിക്കുമ്പോൾ ഡാൻ ഇവാൻസ് നീൽ സ്കുപ്സ്കിക്ക് ഒപ്പം ഇറങ്ങും. പേപ്പറിൽ ശക്തമായ ടീമിന് ടോക്കിയോയിൽ എന്തെങ്കിലും ചെയ്യാൻ ആവുമോ എന്നു കണ്ടറിയാം. ഒപ്പം ഒരിക്കൽ കൂടി ഒളിമ്പിക്സിന്റെ വലിയ വേദിയിൽ ആദ്യമായി 2 ഒളിമ്പിക് സ്വർണ മെഡലുകൾ നേടിയ പുരുഷ താരമായ ആന്റി മറെ അത്ഭുതം കാണിക്കുമോ എന്നും കാത്തിരുന്നു കാണാം. നാലാം ഒളിമ്പിക്സ് ആറു മറെക്ക് ടോക്കിയോയിലേത്.