ക്ലാസിക് ഫൈനൽ കണ്ട വനിതകളുടെ 1500 മീറ്ററിൽ ഒളിമ്പിക് റെക്കോർഡ് നേട്ടത്തോടെ സ്വർണം നിലനിർത്തി കെനിയൻ താരം ഫെയ്ത്ത് കിപെയഗോൻ. 5000 മീറ്ററിൽ സ്വർണം നേടിയ ശേഷം രണ്ടാം സ്വർണം തേടിയിറങ്ങിയ ഡച്ച് താരം ലോക ചാമ്പ്യൻ സഫാൻ ഹസാനുമായി കടുത്ത മത്സരം ആണ് ഫെയ്ത്ത് കാഴ്ച വച്ചത്. പതിവിൽ നിന്നു വിഭിന്നമായി ആദ്യം മുതൽ മുന്നേറ്റം നേടുന്ന സഫാനെ ആണ് റേസിൽ കണ്ടത്. എന്നാൽ ഇത് തിരിച്ചടിച്ചപ്പോൾ അവസാന നിമിഷങ്ങളിൽ ഡച്ച് താരം തളർന്നു. ഇത് മുതലെടുത്ത കെനിയൻ താരം അവസാന മീറ്ററുകളിൽ വലിയ കുതിപ്പ് ആണ് നടത്തിയത്.
മൂന്നു മിനിറ്റ് 53.11 സെക്കന്റിൽ റേസ് പൂർത്തിയാക്കിയ കെനിയൻ താരം പുതിയ ഒളിമ്പിക് റെക്കോർഡും കുറിച്ചു. 33 വർഷം മുമ്പ് 1988 സിയോൾ ഒളിമ്പിക്സിൽ റൊമാനിയൻ താരം പൗള ഇവാൻ സ്ഥാപിച്ച മൂന്നു മിനിറ്റ് 53.96 സെക്കന്റ് എന്ന സമയം ആണ് ഫെയ്ത്ത് പഴയ കഥയാക്കിയത്. അവസാന നിമിഷം സഫാന്റെ തളർച്ച മുതലാക്കിയ നിരവധി തവണ യൂറോപ്യൻ ജേതാവ് ആയ ബ്രിട്ടീഷ് താരം ലൗറ മുയിർ വെള്ളി മെഡൽ സ്വന്തമാക്കി. ആഗോള തലത്തിൽ പല വർഷത്തെ കാത്തിരിപ്പിന് ശേഷം ആണ് ലൗറയുടെ നേട്ടം. മൂന്നു സ്വർണം എന്ന ലക്ഷ്യം വച്ച് വന്ന സഫാൻ വെങ്കലം കൊണ്ടു 1500 മീറ്ററിൽ തൃപ്തിപ്പെട്ടു.