ടോക്കിയോ ഒളിമ്പിക്‌സിൽ നടന്ന ആദ്യ അത്ലറ്റിക് ഫൈനലിൽ സ്വർണം നേടി എത്യോപ്യൻ താരം സെലമൻ ബരേഗ. പുരുഷന്മാരുടെ 10,000 മീറ്റർ ഓട്ടത്തിൽ ആണ് ലോക ജേതാവും ലോക റെക്കോർഡ് ഉടമയുമായ ഉഗാണ്ടയുടെ ജോഷുവ ചറ്റഗെയയെ മറികടന്നു ബരേഗ സ്വർണം നേടിയത്. ഇതോടെ ഒളിമ്പിക് സ്വർണം എന്ന നേട്ടം മാത്രം ചറ്റഗെക്ക് ഒരിക്കൽ കൂടി നഷ്ടമായി. ഇതിഹാസ താരം മൊ ഫറ ഇല്ലാതെ സമീപകാലത്ത് നടക്കുന്ന 10,000 മീറ്റർ ഫൈനലിൽ മോശം കാലാവസ്ഥ താരങ്ങൾക്ക് വലിയ ബുദ്ധിമുട്ട് ആണ് ഉണ്ടാക്കിയത്. ചൂടിൽ 25 താരങ്ങളും വലഞ്ഞു. പലരും ഇടക്ക് റേസിൽ തളർന്നു വീഴുന്നതും കണ്ടു.
ഓട്ടം തുടങ്ങിയത് മുതൽ ആധിപത്യം പിടിച്ച ജോഷുവ ചറ്റഗെയ റേസിൽ ഏതാണ്ട് മുഴുവൻ സമയവും ഒന്നാമത് ആയിരുന്നു. എന്നാൽ അവസാന 200 മീറ്ററിൽ മുന്നിൽ എത്തിയ ബരേഗ അവസാന നിമിഷം ചറ്റഗെയുടെ വെല്ലുവിളി അതിജീവിച്ചു സ്വർണം നേടുക ആയിരുന്നു. 27 മിനിറ്റ് 43.22 സെക്കന്റ് എടുത്താണ് ബരേഗ 10,000 മീറ്റർ പൂർത്തിയാക്കിയത്. അതേസമയം 27 മിനിറ്റ് 43.63 സെക്കന്റിൽ ആണ് ഇതിഹാസ താരം ചറ്റഗെയ റേസ് അവസാനിപ്പിച്ചത്. അതേസമയം 27 മിനിറ്റ് 43.88 സെക്കന്റിൽ റേസ് അവസാനിപ്പിച്ച മറ്റൊരു ഉഗാണ്ടൻ താരം ജേക്കബ് കിപ്ലാമോ ഈ ഇനത്തിൽ വെങ്കലം നേടി. റേസ് നിയന്ത്രിച്ച ഉഗാണ്ടൻ താരങ്ങൾക്ക് മേൽ അവസാന നിമിഷങ്ങളിൽ നടത്തിയ മുന്നേറ്റം ആണ് ബരേഗക്ക് സ്വർണം സമ്മാനിച്ചത്.