400 മീറ്റർ ഹർഡിൽസിൽ ഒളിമ്പിക് യോഗ്യത നേടി എം.പി ജാബിർ, 100, 200 മീറ്ററിൽ ദുത്തി ചന്ദിനും യോഗ്യത

20210701 211346 01

ടോക്കിയോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടി മലപ്പുറത്തിന്റെ സ്വന്തം എം.പി ജാബിർ. 400 മീറ്റർ ഹർഡിൽസിൽ ആണ് ഇന്ത്യൻ നേവിയിൽ ഉദ്യോഗസ്ഥൻ കൂടിയായ ജാബിർ ഒളിമ്പിക് യോഗ്യത നേടുന്നത്. സാക്ഷാൽ പി.ടി ഉഷക്ക് ശേഷം 400 മീറ്റർ ഹർഡിൽസിൽ ഒളിമ്പിക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ അത്ലറ്റ് കൂടിയായി എം.പി ജാബിർ. പട്യാലയിൽ ഈ അടുത്ത് നടന്ന ഇന്റർ സ്റ്റേറ്റ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 49.78 സെക്കന്റിൽ റേസ് പൂർത്തിയാക്കിയ ജാബിർ സ്വർണ മെഡൽ നേടിയിരുന്നു. ഇതോടെ റാങ്കിങ് ക്വാട്ടയിലൂടെ 14 മത് ആയാണ് താരം ഒളിമ്പിക് യോഗ്യത സ്വന്തമാക്കിയത്. 25 കാരനായ ജാബിർ 40 പേർ യോഗ്യത നേടുന്ന 400 മീറ്റർ ഹർഡിൽസിൽ നിലവിൽ 34 മത്തെ റാങ്കിൽ ആണ്. കോവിഡ് കാരണം 2019 നു ശേഷം ജാബിർ പങ്കെടുക്കുന്ന ആദ്യ മത്സരം ആയിരുന്നു പട്യാലയിൽ നടന്നത്. മുമ്പ് ഒളിമ്പിക് മെഡൽ നേരിയ വ്യത്യാസത്തിൽ നഷ്ടമായ സാക്ഷാൽ പി.ടി ഉഷയുടെ പാരമ്പര്യം കാത്ത് സൂക്ഷിക്കാൻ തന്നെയാവും ജാബിർ ടോക്കിയോയിൽ ഇറങ്ങുക.

ഇന്ത്യയുടെ സൂപ്പർ സ്പ്രിന്റർ ആയ ദുത്തി ചന്ദും റാങ്കിംഗിലൂടെ തന്നെ 100, 200 മീറ്റർ സ്പ്രിന്റിൽ ടോക്കിയോ ഒളിമ്പിക് യോഗ്യത നേടി. നേരിയ വ്യത്യാസത്തിൽ നേരിട്ട് യോഗ്യത നേടാൻ സാധിക്കാത്ത ദുത്തി 100 മീറ്ററിലെ 22, 200 മീറ്ററിലെ 15 യോഗ്യത സ്ഥാനങ്ങളിൽ ഒന്നു റാങ്കിങ്ങിലൂടെ സ്വന്തമാക്കി. 25 കാരിയായ ദുത്തി 100 മീറ്ററിലെ ഇന്ത്യൻ ദേശീയ റെക്കോർഡ് നേട്ടത്തിനും ഉടമയാണ്. ഒളിമ്പിക്‌സിൽ നന്നായി ചെയ്യുക എന്നത് തന്നെയാവും ഒറീസക്കാരിയായ ദുത്തിയുടെ ലക്ഷ്യം. അതേസമയം ജാവലിൻ ത്രോയിൽ അനു റാണിയും ഒളിമ്പിക് യോഗ്യത നേട്ടം കൈവരിച്ചു. ജാവലിൻ ത്രോയിൽ ടോക്കിയോയിൽ മികവ് കാണിക്കാൻ ആവും അനുവിന്റെ ലക്ഷ്യം. 4×400 മീറ്ററിൽ ഇന്ത്യയുടെ പുരുഷ ടീമും ഒളിമ്പിക് യോഗ്യത കൈവരിച്ചു.

Previous articleധീരം ധനന്‍ജയ, തകര്‍ന്നടിഞ്ഞ ശ്രീലങ്കയെ നാണക്കേടിൽ നിന്ന് രക്ഷിച്ച് ധനന്‍ജയ ഡി സിൽവയുടെ 91 റൺസ്
Next articleതമിഴ്നാട് പ്രീമിയര്‍ ലീഗിന് സര്‍ക്കാര്‍ അനുമതി