ഇന്ന് പോളണ്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡഡിനും അവരുടെ പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാറിനും എല്ലാം പിഴക്കുന്നതാണ് കാണാൻ കഴിഞ്ഞത്. യൂറോപ്പ ലീഗ് ഫൈനലിൽ ഒലെ ഗണ്ണാർ സോൾഷ്യാർ എടുത്ത ഒരോ തീരുമാനവും തെറ്റുന്നതാണ് കണ്ടത്. ആദ്യ ഇലവനിൽ വരുത്തിയ മാറ്റം തന്നെ യുണൈറ്റഡിന് തിരിച്ചടിയായി. പതിവ് ഇലവനു പകരം ഫ്രെഡിനെ ബെഞ്ചിൽ ഇരുത്തി പോഗ്ബയെ മധ്യനിരയിൽ ഇറക്കിയത് ടീമിന്റെ താളം തന്നെ തെറ്റിച്ചു.
ഇതുവരെ ഭൂരിഭാഗം മത്സരങ്ങളിലും പോഗ്ബയെ ഇടതു വിങ്ങിൽ കളിപ്പിച്ച് ഫ്രെഡിനെയും മക്ടോമിനെയെയും മധ്യനിരയിൽ കളിപ്പിക്കുന്നത് ആയിരുന്നു യുണൈറ്റഡ് രീതി. അത് ഫലപ്രദമാകുന്നത് സീസണിൽ ഉടനീളം കണ്ടതുമാണ്. പോഗ്ബ മിഡ്ഫീൽഡ് ഇന്ന് നിറം മങ്ങിയതിനൊപ്പം ഇടതു വിങ്ങിൽ ഇറങ്ങിയ റാഷ്ഫോർഡും ശരാശരിക്ക് താഴെ മാത്രമുള്ള പ്രകടനമാണ് നടത്തിയത്.
ആദ്യ 90 മിനുട്ടിലും വിയ്യറയലിനെതിരെ തുടരെ ആക്രമണം നടത്താൻ കഴിഞ്ഞ യുണൈറ്റഡ് എക്സ്ട്രാ ടൈം മുതൽ റിസ്ക് എടുക്കാതെ പെനാൾട്ടി ഷൂട്ടൗട്ടിനായി കളിച്ചതും ഒലെയുടെ തെറ്റായ തീരുമനമായിരുന്നു. ആദ്യ 98 മിനുറ്റിൽ ഒരു സബ് പോലും ഇറക്കാതിരുന്നത് ടീമിന്റെ ഊർജ്ജവും തീരാൻ കാരണമായി. സബ്ബ് ചെയാൻ മടിയുള്ള ഒലെയുടെ രീതി മുമ്പും യുണൈറ്റഡിന് വിനയായിട്ടുണ്ട്.
കളത്തിൽ വളരെ മോശം പ്രകടനം നടത്തിയ റാഷ്ഫോർഡിനെ സബ് ചെയാതെ നന്നായി കളിച്ചുകൊണ്ടിരുന്ന ഗ്രീൻവുഡിനെ സബ് ചെയ്തതും യുണൈറ്റഡിന് തിരിച്ചടിയയി. അവസാനം പെനാൾട്ടി അടിക്കാൻ നിരവധി സബ്ബുകൾ നടത്തി എങ്കിലും പെനാൾട്ടികളിൽ ദയനീയ റെക്കോർഡുള്ള ഡി ഹിയയെ മാറ്റാൻ ഒലെ തയ്യാറായതുമില്ല. 11 പെനാൾട്ടി കിക്കിൽ ഒന്ന് പോലും തടയാൻ ഡിഹിയക്ക് ആയിരുന്നില്ല. കരിയറിൽ നേരിട്ട 19 പെനാൾട്ടിയിൽ എട്ടും സേവ് ചെയ്ത ഡീൻ ഹെൻഡേഴ്സൺ ബെഞ്ചിൽ ഉള്ളത് ഒലെ ഓർത്തുപോലുമില്ല. ഈ പരാജയം എന്തു കൊണ്ടും ഒലെയുടെ പരജയമായി തന്നെ വിലയിരുത്തപ്പെടും.