അടുത്ത സീസണിലേക്കായി ടീം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ആദ്യ സൈനിംഗിന് അടുത്ത് എത്തിയിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. സ്വാൻസി സിറ്റി യുവതാരം ഡാനിയൽ ജെയിംസ് ആകും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ സീസണിലെയും ഒലെയുടെ യുണൈറ്റഡ് പരിശീലക കരിയറിലെ ആദ്യത്തെയും സൈനിംഗ് ആയി മാറുക. യുണൈറ്റഡുമായി കരാർ ചർച്ചകളിൽ ഉള്ള ജെയിംസ് ക്ലബുമായി കരാർ അംഗീകരിച്ചതായി മാഞ്ചസ്റ്ററിലെ മാധ്യമങ്ങളും ക്ലബുമായി അടുത്ത വൃത്തങ്ങളും പറയുന്നു.
21കാരനായ വിങർ ഈ സീസണിൽ സ്വാൻസിക്കായി തകർപ്പൻ പ്രകടനം കാഴ്ചവെച്ചിരുന്നു. ഏകദേശം 15 മില്യണോളം ആണ് ജെയിംസിന് യുണൈറ്റഡ് വാഗ്ദാനം ചെയ്തിരിക്കുന്ന തുക. ഈ തുകയുടെ കാര്യത്തിൽ സ്വാൻസിയുമായി ധാരണയായാൽ കരാർ ഔദ്യോഗികമാകും. പ്രീമിയർ ലീഗ് ക്ലബായ ബ്രൈറ്റൺ ജെയിംസിനെ സ്വന്തമാക്കാൻ ശ്രമിച്ചു എങ്കിലും താരം യുണൈറ്റഡിലേക്ക് പോകാൻ ആണ് താല്പര്യം പ്രകടിപ്പിച്ചത്.
ഇടതു വിങ്ങിലും വലതു വിങ്ങിലും കളിക്കുന്ന ജെയിംസ് അതിവേഗതയുള്ള കളിക്കാരനാണ്. വമ്പൻ താരങ്ങളെ സൈൻ ചെയ്തത് കൊണ്ട് കാര്യമില്ല എന്ന് മനസ്സിലാക്കിയ യുണൈറ്റഡ് യുവതാരങ്ങളെ ടീമിൽ എത്തിച്ച് മികവിലേക്ക് തിരികെ വരാം എന്നാണ് കരുതുന്നത്. ജെയിംസിനെ കൂടാതെ ഫുൾഹാം താരം സെസിന്നിയോനെയും യുണൈറ്റഡ് ഉടൻ ടീമിൽ എത്തിച്ചേക്കും.