പി.എസ്.ജിക്ക് എതിരാളിയാവാൻ നീസ്? ക്ലബ് സ്വന്തമാക്കി ബ്രിട്ടീഷ് കോടീശ്വരൻ

Wasim Akram

സമീപകാലത്ത് ഫ്രഞ്ച് ലീഗ് വണ്ണിലെ പാരീസ് സെന്റ് ജർമന്റെ സമഗ്രാധിപത്യം പലപ്പോഴും ലീഗിനെ വിരസമാക്കിയിരിക്കുകയായിരുന്നു. ഇപ്പോൾ ഫ്രഞ്ച്‌ ലീഗ് ആരാധകർക്ക് പുതിയ പ്രതീക്ഷ ആവുകയാണ് ഫ്രഞ്ച്‌ ക്ലബ് നീസിനെ സംബന്ധിച്ച് പുറത്ത് വരുന്ന വാർത്തകൾ. ബ്രിട്ടനിലെ ഏറ്റവും വലിയ സമ്പന്നനും മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകനും ആയ ജിം റാട്ക്ലിഫിന്റെ നേതൃത്വത്തിലുള്ള ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി ഫ്രഞ്ച് ക്ലബ് ഒ.ജി.സി നീസിനെ സ്വന്തമാക്കിയെന്നതാണ് ആ വാർത്ത.

ഒരു ലീഗ് വൺ ക്ലബിനായി മുടക്കുന്ന റെക്കോർഡ് തുകക്ക് ആണ് ജിം റാട്ക്ലിഫിന്റെ കമ്പനി ക്ലബ് സ്വന്തമാക്കിയിരിക്കുന്നത്. ഖത്തർ ഉടമസ്ഥർ വന്നതിനു ശേഷം ഫുട്‌ബോളിൽ വമ്പൻ കുതിപ്പ് നടത്തിയ പി.എസ്.ജിക്ക് വെല്ലുവിളിയാവാൻ പുതിയ ഉടമസ്ഥർക്ക് കീഴിൽ ക്ലബിന് ആവുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ക്ലബിൽ തുടർന്നു നടക്കാൻ പോകുന്ന വലിയ മാറ്റങ്ങൾക്ക് കാത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ.