നാളെ ഐലീഗിൽ നടക്കാൻ ഇരിക്കുന്ന ഗോകുലത്തിന്റെ ഹോം മത്സരത്തിനു മുമ്പ് നടന്ന വിവാദ സംഭവങ്ങളിൽ ഔദ്യോഗിക വിശദീകരണം നൽകി ഗോകുലം കേരള എഫ് സി. സന്ദർശകരായ റിയൽ കാശ്മീർ ടീം ഗ്രൗണ്ടിൽ അതിക്രമിച്ചു കടന്നതും ഗോകുലത്തിന്റെ ഒഫീഷ്യൽസിനെ കയ്യേറ്റം ചെയ്തതും ആണ് വലിയ പ്രശ്നമായി മാറിയത്.
“ഹർത്താൽ കാരണം ഇന്ന് സന്ദർശക ടീമിന് സൗകര്യങ്ങൾ ഒരുക്കുന്നതിൽ ചില ബുദ്ധിമുട്ടുകൾ നേരിടുന്നു എന്ന് ക്ലബ് എ ഐ എഫ് എഫിനെയും റിയൽ കാശ്മീരിനെയും നേരത്തെ അറിയിച്ചിരുന്നു. എന്നിട്ടും കോഴിക്കോട് നൽകാൻ കഴിയുന്ന ഏറ്റവും മികച്ച ട്രെയിനിങ് സൗകര്യമായ മെഡിക്കൽ കോളേജ് ഗ്രൗണ്ട് ഒരുക്കാനും അവിടേക്കുള്ള യാത്രാ സൗകര്യം ഒരുക്കാനും ഗോകുലത്തിനായി. എന്നാൽ ട്രെയിനിങ് ഗ്രൗണ്ടിലേക്ക് പോകുന്നതിന് പകരം മത്സരം നടക്കേണ്ട സ്റ്റേഡിയത്തിലേക്ക് അതിക്രമിച്ചു കയറുകയാണ് റിയൽ കാശ്മീർ ചെയ്തത്.” ഔദ്യോഗിക കുറിപ്പിൽ പറയുന്നു.
“ഇത് ഒരു മാച്ച് കമ്മീഷണറും അനുവദിക്കുന്ന കാര്യമല്ല. കാശ്മീർ ടീമിനോട് ഗ്രൗണ്ട് വിടാൻ ആവശ്യപ്പെട്ട ഗോകുലം കേരള എഫ് സി സി ഇ ഒയോട് കാശ്മീർ ടീം മോശം രീതിയിൽ പെരുമാറുകയും, ഗ്രൗണ്ടിന്റെ ചുമതലയുള്ള കോഴിക്കോട് ജില്ലാ ഫുട്ബോൾ അസോസിയേഷൻ ഒഫീഷ്യൽ ആയ ഹമീദിനെ കയ്യേറ്റം ചെയ്യുകയും ചെയ്തു. ഐലീഗിന്റെ ഗ്രൗണ്ടിലെ ബാന്നറുകളും റിയൽ കാശ്മീർ ടീം തകർത്തു.” എന്നും ഔദ്യോഗിക കുറിപ്പിൽ പറയുന്നു.
മെഡിക്കൽ കോളേജ് ഗ്രൗണ്ടിലേക്ക് റിയൽ കാശ്മീർ ഇതിനു ശേഷവും പോയില്ല. ഗോകുലം വാടക കൊടുത്താണ് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ സൗകര്യം ഒരുക്കിയത്. എന്തായാലും റിയൽ കാശ്മീരിന്റെ ഈ ചെയ്ത്തുകൾക്ക് എതിരെ ഗോകുലം കേരള എഫ് സി എ ഐ എഫ് എഫിൽ പരാതി നൽകിയിട്ടുണ്ട്.