ഒചോവ എന്ന മെക്സിക്കൻ ഗോൾ കീപ്പർ ലോകകപ്പിൽ എന്നും ലെജൻഡ് മോഡിൽ ആണെന്ന് ഫുട്ബോൾ പ്രേമികൾ പറയും. ഒചോവ കയ്യടി വാങ്ങാത്ത ഒരു ലോകകപ്പ് ഒചോവ കളിക്കാൻ തുടങ്ങിയത് മുതൽ കടന്നു പോയിട്ടില്ല. ഇന്ന് മെക്സിക്കോ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ പോളണ്ടിനെ നേരിടാൻ ഇറങ്ങിയപ്പോഴും ഒചോവ ആയിരുന്നു ഹീറോ ആയത്. ലെവൻഡോസ്കിയുടെ പെനാൾട്ടി ഒചോവ തടഞ്ഞ മത്സരം ഗോൾ രഹിതമായാണ് അവസാനിച്ചത്.
ഇന്ന് ഗ്രൂപ്പ് സിയിൽ പോളണ്ടും മെക്സിക്കോയും തമ്മിലുള്ള മത്സരം പതിയെ ആണ് തുടങ്ങിയത്. കാര്യമായ അവസരങ്ങൾ മത്സരത്തിന്റെ ആദ്യ പകുതിയിൽ പിറന്നില്ല. ആദ്യ പകുതിയിൽ ഇത്തിരി ഭേദപ്പെട്ട പ്രകടനം മെക്സിക്കോയിൽ നിന്ന് ആണ് ഉണ്ടായത് എങ്കിലും ആ നല്ല പ്രകടനങ്ങൾ അടയാളപ്പെടുത്താനുള്ള ഒന്നും മെക്സിക്കോ സൃഷ്ടിച്ചില്ല. ആദ്യ പകുതി വിരസമായി അവസാനിക്കുകയും ചെയ്തു.
രണ്ടാം പകുതിയിൽ 52ആം മിനുട്ടിൽ ലൊസാനോയുടെ ഒരു ഷോട്ട് ഗോൾകീപ്പർ ചെസ്നി അനായാസം തടഞ്ഞു. മത്സരത്തിന്റെ 55ആം മിനുട്ടിൽ മൊറേനോ ലെവൻഡോസ്കിയെ വീഴ്ത്തിയതിന് പോളണ്ടിന് അനുകൂലമായ പെനാൾട്ടി വിധി വന്നു. ലെവൻഡോസ്കി തന്നെ പെനാൾട്ടി എടുത്തു. പക്ഷെ തടയാൻ മുന്നിൽ നിൽക്കുന്നത് സാക്ഷാൽ ഒചോവ ആയിരുന്നു.
തന്റെ ഇടതു ഭാഗത്തേക്ക് ചാടി കൊണ്ട് ഒചോവ ലെവൻഡോസ്കിയെ തടഞ്ഞു. സ്കോർ ഗോൾ രഹിതമായി തന്നെ തുടർന്നു. ഇതിനു പിന്നാലെ 64ആം മിനുട്ടിൽ ചെസ്നിയുടെ സേവ് മറുവശത്തും വന്നു. ഇരു ടീമുകളും മാറ്റങ്ങൾ വരുത്തി നോക്കിയിട്ടും ഗോൾ മാത്രം ഇന്ന് വന്നില്ല.
ഇനി സൗദി അറേബ്യയും അർജന്റീനയും ആണ് ഒരു ടീമുകൾക്കും മുന്നിൽ ഉള്ളത്.