ന്യൂസിലാണ്ട് സെമിയിൽ!!! ഇനി എതിരാളികള്‍ക്കായി കാത്തിരിപ്പ്

അയര്‍ലണ്ടിനെതിരെ ആധികാരിക വിജയവുമായി ന്യൂസിലാണ്ട് സെമിയിലേക്ക്. അയര്‍ലണ്ടിനെ 150 റൺസിലൊതുക്കി 35 റൺസിന്റെ വിജയം ആണ് ന്യൂസിലാണ്ട് നേടിയത്. ഗ്രൂപ്പ് 1ലെ വിജയികളായി സെമിയിൽ കടന്ന ന്യൂസിലാണ്ടിന്റെ എതിരാളികള്‍ ആരെന്ന് ഇനിയും വ്യക്തമല്ല. 9 വിക്കറ്റുകളാണ് അയര്‍ലണ്ടിന് നഷ്ടമായത്.

ഇംഗ്ലണ്ടിനും ഓസ്ട്രേലിയയ്ക്കും അവരുടെ മത്സരങ്ങള്‍ വിജയിച്ചാലും ന്യൂസിലാണ്ടിനൊപ്പം ഏഴ് പോയിന്റിലേക്ക് മാത്രമേ എത്തുകയുള്ളു. അതേ സമയം ന്യൂസിലാണ്ടിന്റെ റൺ റേറ്റ് വളരെ ഉയര്‍ന്നതാണ്. അത്ര വലിയ വിജയം നേടിയാൽ മാത്രമേ ഇംഗ്ലണ്ടിനും ഓസ്ട്രേലിയയ്ക്കും ന്യൂസിലാണ്ടിന്റെ റൺ റേറ്റിനെ മറികടക്കാനാകൂ. അത് വിദൂരമായ സാധ്യത മാത്രമാണ്.

ഇന്ന് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 185/6 എന്ന സ്കോറാണ് നേടിയത്. 35 പന്തിൽ 61 റൺസ് നേടി ഫോമിലേക്ക് മടങ്ങിയെത്തിയ കെയിന്‍ വില്യംസണൊപ്പം ഫിന്‍ അല്ലന്‍(18 പന്തിൽ 32), ഡാരിൽ മിച്ചൽ(21 പന്തിൽ പുറത്താകാതെ 31) എന്നിവര്‍ തിളങ്ങിയാണ് ന്യൂസിലാണ്ടിനെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ അയര്‍ലണ്ടിനായി പോള്‍ സ്റ്റിര്‍ലിഗും(37) ആന്‍ഡ്രൂ ബാൽബിര്‍ണേയും(30) ചേര്‍ന്ന് 8 ഓവറിൽ 68 റൺസാണ് നേടിയത്.

ഈ കൂട്ടുകെട്ട് സാന്റനര്‍ തകര്‍ത്തതോടെ പിന്നെ അയര്‍ലണ്ടിന് വിക്കറ്റുകള്‍ പൊടുന്നനെ നഷ്ടപ്പെടുന്ന കാഴ്ചയാണ് കണ്ടത്. 68/0 എന്ന നിലയിൽ നിന്ന് ടീം 73/3 എന്ന നിലയിലേക്ക് വീണപ്പോള്‍ രണ്ട് വിക്കറ്റ് സാന്റനര്‍ ആണ് നേടിയത്. ജോര്‍ജ്ജ് ഡോക്രെൽ 15 പന്തിൽ 23 റൺസുമായി തോൽവിയുടെ ഭാരം കുറയ്ക്കുവാന്‍ ശ്രമിച്ചു. ന്യൂസിലാണ്ടിനായി ലോക്കി ഫെര്‍ഗൂസൺ മൂന്നും മിച്ചൽ സാന്റനര്‍, ഇഷ് സോധി, ടിം സൗത്തി എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.