ഏകദിനം ടി20 ആയി, ഇന്ത്യയ്ക്ക് 63 റൺസ് തോൽവി

Sports Correspondent

നാലാം ഏകദിനത്തിലും തോൽവിയേറ്റ് വാങ്ങി ഇന്ത്യ. മഴ മൂലം മത്സരം 20 ഓവറായി ചുരുക്കിയപ്പോൾ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 191/5 എന്ന സ്കോര്‍ നേടി. ഇന്ത്യയാകട്ടെ 128 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 63 റൺസിന്റെ വിജയം ആണ് ന്യൂസിലാണ്ട് നേടിയത്.

19/4 എന്ന നിലയിലേക്ക് വീണ ഇന്ത്യ നൂറ് കടക്കില്ലെന്നാണ് ഏവരും കരുതിയതെങ്കിലും 29 പന്തിൽ 52 റൺസ് നേടിയ റിച്ച ഘോഷും 30 റൺസ് നേടിയ മിത്താലി രാജും ഇന്ത്യയുടെ തോൽവിയുടെ ഭാരം കുറയ്ക്കുകയായിരുന്നു.

ന്യൂസിലാണ്ടിന് വേണ്ടി അമേലിയ കെര്‍, ഹെയ്ലി ജെന്‍സന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റും ഫ്രാന്‍സെസ് മക്കേ, ജെസ്സ് കെര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ടിനായി 33 പന്തിൽ 68 റൺസ് നേടിയ അമേലിയ കെര്‍ ആണ് ടോപ് സ്കോറര്‍. ആമി സാത്തെര്‍ത്ത്വെയ്റ്റ് 16 പന്തിൽ 32 റൺസും സോഫി ഡിവൈന്‍ 24 പന്തിൽ 32 റൺസും സൂസി ബെയ്റ്റ്സ് 26 പന്തിൽ 41 റൺസും നേടി ആതിഥേയര്‍ക്കായി തിളങ്ങി.