നേപ്പിയറിലെ കുഞ്ഞന്‍ ഗ്രൗണ്ടില്‍ ന്യൂസിലാണ്ട് ആദ്യം ബാറ്റ് ചെയ്യും

Sports Correspondent

ഇന്ത്യ ന്യൂസിലാണ്ട് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനു നേപ്പിയറില്‍ തുടക്കം. മത്സരത്തില്‍ ടോസ് നേടി കെയിന്‍ വില്യംസണ്‍ തന്റെ ടീം ആദ്യം ബാറ്റ് ചെയ്യുമെന്ന് അറിയിക്കുകയായിരുന്നു. ശ്രീലങ്കയ്ക്കെതിരെ ഏകദിന പരമ്പരയില്‍ മൂന്ന് മത്സരങ്ങളിലും 300ലധികം റണ്‍സ് നേടി എത്തുന്ന ടീമാണ് ന്യൂസിലാണ്ട്. ന്യൂസിലാണ്ടിലെ ചെറിയ ഗ്രൗണ്ടില്‍ ഒരു സ്പിന്നറുമായാണ് ആതിഥേയര്‍ ഇറങ്ങുന്നത്. ഏറെക്കാലമായി പരിക്കേറ്റ് പുറത്തായിരുന്ന മിച്ചല്‍ സാന്റനര്‍ ടീമിലേക്ക് മടങ്ങിയെത്തുന്നു എന്നതാണ് ന്യൂസിലാണ്ട് നിരയുടെ പ്രത്യേകത.

ഓസ്ട്രേലിയയ്ക്കെതിരെയുള്ള അവസാന ഏകദിന മത്സരത്തില്‍ നിന്ന് ഇന്ത്യ രണ്ട് മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ദിനേശ് കാര്‍ത്തിക്കിനു പകരം അമ്പാട്ടി റായിഡുവും രവീന്ദ്ര ജഡേജയ്ക്ക് പകരം കുല്‍ദീപ് യാദവും ടീമിലേക്ക് മടങ്ങിയെത്തുന്നു. ന്യൂസിലാണ്ട് ഒരു സ്പിന്നറുമായി ഇറങ്ങുമ്പോള്‍ ഇന്ത്യ രണ്ട് സ്പിന്നര്‍മാരെയാണ് നേപ്പിയറിലെ കുഞ്ഞന്‍ ഗ്രൗണ്ടില്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ന്യൂസിലാണ്ട്: മാര്‍ട്ടിന്‍ ഗുപ്ടില്‍, കോളിന്‍ മണ്‍റോ, കെയിന്‍ വില്യംസണ്‍, റോസ് ടെയിലര്‍, ടോം ലാഥം, ഹെന്‍റി നിക്കോളസ്, മിച്ചല്‍ സാന്റനര്‍, ഡഗ് ബ്രേസ്‍വെല്‍, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസണ്‍, ട്രെന്റ് ബോള്‍ട്ട്

ഇന്ത്യ: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‍ലി, എംഎസ് ധോണി, കേധാര്‍ ജാഥവ്, അമ്പാട്ടി റായിഡു, വിജയ് ശങ്കര്‍, കുല്‍ദീപ് യാദവ്, യൂസുവേന്ദ്ര ചഹാല്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി