ഇന്നലെ ഡച്ച് ലീഗിന്റെ അവസാന ദിവസം വിജയിച്ച് കൊണ്ട് അയാക്സ് തങ്ങളുടെ 34ആം ലീഗ് കിരീടം സ്വന്തമാക്കിയിരുന്നു. ആ 34ആം ലീഗ് കിരീടം തങ്ങളുടെ മുൻ 34ആം നമ്പർ താരമായിരുന്നു അബ്ദൽ ഹക് നൗരിക്കായി അയാക്സ് സമർപ്പിച്ചു. അയാക്സിന്റെ യുവതാരമായിരുന്ന അബ്ദൽഹക് നൗരിക്ക് കളിക്കുന്നതിനിടെ പരിക്കേറ്റ് ഇപ്പോഴും ചികിത്സയിലാണ്. നൗരിക്ക് വേണ്ടി നേരത്തെ 34ആം നമ്പർ ജേഴ്സി ആർക്കും നൽകില്ല എന്ന് അയാക്സ് തീരുമാനിച്ചിരുന്നു. അതുപോലെ തന്നെ നൗരിക്ക് അയാക്സിൽ ആജീവനാന്ത കരാറും അയാക്സ് നൽകിയിരുന്നു.
രണ്ട് സീസൺ മുമ്പ് പ്രീ സീസൺ മത്സരത്തിനിടയിൽ ആയിരുന്നു നൗരിക്ക് തലയ്ക്ക് പരിക്കേറ്റത്. ഇപ്പോഴും താരം പൂർണ്ണ ബോധത്തിലേക്ക് തിരികെ വന്നിട്ടില്ല. മാസങ്ങളോളം കോമയിൽ ആയിരുന്നു നൗരി. അടുത്തിടെ ആണ് കോമയിൽ നിന്ന് പുറത്ത് വന്നത് . മസ്തിഷ്കത്തിനേറ്റ പരിക്കും ഇതിനൊപ്പം ഉണ്ടായ ഹൃദയാഘാതവും താരത്തിന്റെ ആരോഗ്യനില പൂർണ്ണമായും തകർക്കുകയായിരുന്നു. തന്റെ 20ആം വയസ്സിൽ ഫുട്ബോളിൽ നിന്ന് എന്നേക്കുമായി വിടപറയേണ്ടിയും വന്നിരുന്നു നൗരിക്ക്. മസ്തിഷ്കത്തിൽ കാര്യമായി പരിക്കേറ്റ താരത്തിന് ഫുട്ബോൾ കളിക്കാൻ കഴിയില്ല എന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു.
നൗരിക്ക് വേണ്ടിയാണ് ഈ ലീഗ് സ്വന്തമാക്കിയത് എന്ന് അയാക്സിന്റെ സ്ട്രൈക്കർ വാൻ ഡെ ബീക് പറഞ്ഞു. നൗരിക്ക് വേണ്ടി 34ആം കിരീടം നേടാതെ ക്ലബ് വിടില്ല എന്ന് താൻ പ്രതിജ്ഞ ചെയ്തിരുന്നതായും വാൻ ഡെ ബീക് പറഞ്ഞു. ഇന്നലെ നൗരിയുടെ ചിത്ര പതിച്ച് ജേഴ്സിയുമായായിരുന്നു അയാക്സ് കളത്തിൽ ഇറങ്ങിയത്.