ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സ്വന്തം മൈതാനത്ത് ലീഗിൽ ഒന്നാം സ്ഥാനക്കാർ ആയ ലിവർപൂളിനെ സമനിലയിൽ തളച്ചു നോട്ടിങ്ഹാം ഫോറസ്റ്റ്. ആൻഫീൽഡിൽ ലിവർപൂളിനെ സീസണിന്റെ തുടക്കത്തിൽ ഞെട്ടിച്ച ഫോറസ്റ്റ് എട്ടാം മിനിറ്റിൽ തന്നെ ലിവർപൂളിനെ ഒന്നു കൂടി ഞെട്ടിച്ചു. മികച്ച നീക്കത്തിന് ഒടുവിൽ എലാങ്കയുടെ പാസിൽ നിന്നു ക്രിസ് വുഡ് ആണ് ഫോറസ്റ്റിന് മത്സരത്തിൽ മുൻതൂക്കം നൽകിയത്. തുടർന്ന് സമനിലക്ക് ആയി ലിവർപൂൾ ശ്രമങ്ങൾ ആണ് കാണാൻ ആയത്.
ഫോറസ്റ്റ് ഗോൾ കീപ്പർ സെൽസ് മികവ് തുടർന്നപ്പോൾ ലിവർപൂളിന് കാര്യങ്ങൾ പ്രയാസമായി. എന്നാൽ രണ്ടാം പകുതിയിൽ നടത്തിയ മാറ്റങ്ങൾ ലിവർപൂളിന് സഹായകമായി. സിമിക്കാസിനെയും ജോടയെയും കൊണ്ട് വന്ന സ്ലോട്ടിന്റെ നീക്കം വിജയിച്ചു. സെക്കന്റുകൾക്ക് ഉള്ളിൽ സിമിക്കാസിന്റെ കോർണറിൽ നിന്നു ഹെഡറിലൂടെ 66 മത്തെ മിനിറ്റിൽ ജോട ലിവർപൂൾ സമനില ഗോൾ നേടി. വിജയഗോളിന് ആയി ലിവർപൂൾ ശ്രമിച്ചെങ്കിലും ഫോറസ്റ്റ് പ്രതിരോധം പിടിച്ചു നിന്നു. നിലവിൽ ലീഗിൽ ലിവർപൂൾ ഒന്നാമതും ഫോറസ്റ്റ് രണ്ടാം സ്ഥാനത്തും ആണ്.