കാസിയാസ് കളം വിടുന്നത് വരെ കാത്തിരിക്കുകയായിരുന്നു ഡി ഹിയ. സ്പാനിഷ് ടീമിന്റെ ഒന്നാം ഗോളിയാകാൻ വേണ്ടി. ഈ ലോകകപ്പിലേക്ക് ഡിഹിയ വന്നത് ലോകത്തിന് താനാണ് ഏറ്റവും മികച്ച ഗോൾകീപ്പർ എന്ന് കാണിക്കാനായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിനെ സർ അലക്സ് ഫെർഗൂസന്റെ വിരമിക്കലിന് ശേഷം ഒറ്റയ്ക്ക് സംരക്ഷിക്കുകയായിരുന്നു ഡി ഹിയ. പ്രീമിയർ ലീഗിൽ പകരം വെക്കാനില്ലാത്ത താരം.
പീറ്റർ ഷീമൈക്കിളും വാൻ ഡെർ സാറും ഒക്കെ വല കാത്ത് ഇതിഹാസ പ്രകടനങ്ങൾ കാഴ്ചവെക്കുന്നത് കണ്ട് വളർന്ന് യുണൈറ്റഡ് ആരാധകർ വരെ ഡി ഹിയ ആണ് തങ്ങളുടെ ചരിത്രത്തിലെ മികച്ച ഗോൾകീപ്പർ എന്ന് പറഞ്ഞു തുടങ്ങിയിരുന്നു. ആ സമയത്താണ് റഷ്യയിലേക്ക് ഡി ഹിയ വിമാനം കയറുന്നത്. പക്ഷെ റഷ്യയിൽ ഡി ഹിയ കരിയറിലെ ഏറ്റവും മോശം പ്രകടനമാണ് കണ്ടത്.
ഒരു ഗോൾ മാത്രമെ ഡി ഹിയയുടെ പിഴവ് കൊണ്ട് വന്നുള്ളൂ എങ്കിലും ലോകകത്തെ മികച്ച ഗോൾകീപ്പർമാരിൽ ഒരാളായ താരത്തിന്റെ നിഴൽ പോലും സ്പാനിഷ് ജേഴ്സിയിൽ കാണാൻ കഴിഞ്ഞില്ല. സ്മാളിംഗും ജോൺസും പോലെ ഒട്ടും സ്ഥിരതയില്ലാത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസിന് പിറകിൽ കളിക്കുമ്പോൾ അത്ഭുത മനുഷ്യനായി മാറി ക്ലീൻസ് ഷീറ്റുകൾ സ്വന്തമാക്കിയിരുന്ന ഡി ഹിയ, റാമോസ്-പികെ എന്ന ലോകത്തെ തന്നെ ഏറ്റവും മികച്ച രണ്ട് സെന്റർ ബാക്കുകൾക്ക് പിറകിൽ കളിക്കുമ്പോൾ ഗോൾ വാങ്ങി കൂട്ടുന്നതാണ് കണ്ടത്.
ഈ ലോകകപ്പിൽ ഡി ഹിയക്ക് നേരെ 7 ഷോട്ടുകൾ ടാർഗറ്റിൽ വന്നപ്പോൾ അതിൽ 6ഉം ഗോളായി മാറി. ഇന്നത്തെ പെനാൾട്ടി ഷൂട്ടൗട്ടിലെ നാലു ഗോൾ കൂടെ കൂട്ടിയാൽ അത് 11ൽ 10 ഷോട്ടുകൾ അകത്ത് എന്നാകും. ഗോളടിക്കാതെയും പെനാൾട്ടി നഷ്ടപ്പെടുത്തിയും ഒക്കെ പോകുന്ന സ്ട്രൈക്കർമാർക്ക് കിട്ടുന്ന ദയ ഒരു പിഴവുമായി മടങ്ങുന്ന ഗോൾ കീപ്പർക്ക് കിട്ടില്ല. ഡി ഹിയ മാഞ്ചസ്റ്ററിൽ വീണ്ടും അദ്ദേഹത്തിന്റെ മികവിൽ എത്തും പക്ഷെ ലോകത്തെ ഒന്നാം നമ്പർ ഗോൾ കീപ്പർ എന്ന പദവിയിൽ ഇനി ഡി ഹിയയെ ഫുട്ബോൾ ലോകം അംഗീകരിക്കുമൊ? അങ്ങനെ അംഗീകരിക്കണമെങ്കിൽ ഇനി ഒരു ലോകവേദി കിട്ടുമ്പോൾ ഡി ഹിയ താൻ ആരാണെന്ന് ലോകത്തിന് കാണിച്ചുകൊടുക്കേണ്ടി വരും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial