കേരള ബ്ലാസ്റ്റേഴ്സിനും ഡേവിഡ് ജെയിംസിനും ഇന്ന് നിർണായക പോരാട്ടമാണ്. ഗുവാഹത്തിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നേരിടുന്നത്. അവസാന ആറു മത്സരങ്ങളായി ഒരു വിജയമില്ലാതെ വലയുന്ന കേരളത്തിന് ഒരിക്കൽ കൂടെ നിരാശയോടെ കളി അവസാനിപ്പിക്കേണ്ട ഗതി ആകുമോ എന്നതാണ് ബ്ലാസ്റ്റേഴ്സ് അരാധകരുടെ ആശങ്ക. ഇപ്പോൾ തന്നെ ലീഗിൽ ഏഴാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.
അവസാന മത്സരത്തിൽ എഫ് സി ഗോവയോട് ദയനീയ പരാജയം ബ്ലാസ്റ്റേഴ്സ് ഏറ്റു വാങ്ങിയിരുന്നു. എ ടി കെ കൊൽക്കത്തയോട് വിജയിച്ചതു മാത്രമാണ് ബ്ലാസ്റ്റേഴ്സിന്റെ ലീഗിലെ ഏക ജയം. അറ്റാക്കും ഡിഫൻസും ഒരു പോലെ കഷ്ടപ്പെടുന്നതാണ് ജെയിംസിനെയും അലട്ടുന്നത്. ഡിഫൻസിൽ കഴിഞ്ഞ കളിയിൽ അനസ് എടത്തൊടികയെ കൊണ്ടു വന്നു എങ്കിലും അത് ഗുണം ചെയ്തിട്ടില്ല. ജെയിംസ് വീണ്ടും അനസിനെ ബെഞ്ചിലേക്ക് മടക്കിയാൽ അത്ഭുതപ്പെടാൻ ആവില്ല.
മധ്യനിരയിലും അറ്റാക്കിലും ഒന്നും താളം കണ്ടെത്താൻ ബ്ലാസ്റ്റേഴ്സിനായിട്ടില്ല. ഒരു നല്ല സ്റ്റാർട്ടിംഗ് ഇലവൻ കണ്ടെത്താനും ആയിട്ടില്ല. സഹൽ അബ്ദുൽ സമദ് മാത്രമാണ് കുറച്ചെങ്കിലും നല്ല ഫുട്ബോൾ കളിക്കുന്നത്. സഹൽ ഇന്ന് വീണ്ടും ആദ്യ ഇലവനിൽ എത്തുമെന്നാണ് പ്രതീക്ഷ. അറ്റാക്കിൽ വിനീതും സ്ലാവിസിയ ഒന്നും ഫോമിൽ അല്ല.
മറുവശത്ത് നോർത്ത് ഈസ്റ്റ് മെച്ചപ്പെട്ട രീതിയിൽ ആണ് ലീഗിൽ കളിക്കുന്നത്. എന്നാൽ നോർത്ത് ഈസ്റ്റിന്റെ ഹോം ഗ്രൗണ്ടിലെ മോശം ഫോം കേരള ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷ നൽകുന്നു. നോർത്ത് ഈസ്റ്റിന്റെ 11 പോയന്റുകളിൽ വെറും രണ്ട് പോയന്റ് മാത്രമെ ഹോം ഗ്രൗണ്ടിൽ വന്നിട്ടുള്ളൂ. പരിക്കും നോർത്ത് ഈസ്റ്റിനെ അലട്ടുന്നുണ്ട്. നോർത്ത് ഈസ്റ്റിന്റെ ഒരു വിദേശ താരം പരിക്ക് കാരണം ഈ സീസണിൽ ഇനി കളിക്കില്ല എന്ന് പരിശീലകൻ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാൽ ഏത് താരമാണ് പരികേറ്റത് എന്ന് വ്യക്തമാക്കാൻ കോച്ച് തയ്യാറായില്ല.
ഇന്ന് വൈകിട്ട് 7.30നാണ് മത്സരം.