ഇന്ന് ഐ എസ് എൽ അഞ്ചാം സീസണിലെ മൂന്നാം മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി ഗോവയെ നേരിടും. കഴിഞ്ഞ സീസണിൽ ലീഗിലെ ഏറ്റവു മോശം പ്രകടനത്തിന്റെ ഉടമകളായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ഈ സീസണിൽ ഉയർത്തെഴുന്നേൽക്കേണറ്റതുണ്ട്. സാമ്പത്തിക പ്രതിസന്ധിയാൽ വലയുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ സ്ക്വാഡ് മികച്ചതല്ല എന്ന് അവരുടെ ആരാധകർ തന്നെ പറയുന്നുണ്ട് എങ്കിലും പരിശീലകൻ ഷറ്റോരിക്ക് തന്റെ സ്ക്വാഡിൽ വിശ്വാസമുണ്ട്. സ്ക്വാഡിൽ ഭൂരിഭാഗവും ടീമിൽ പുതുമുഖങ്ങൾ ആണ് എന്നതെ പ്രശ്നമുള്ളൂ എന്നും സമയം കിട്ടിയാൽ ലീഗിലെ മികച്ച ടീമാകാനുള്ള തികവ് തന്റെ സ്ക്വാഡിന് ഉണ്ട് എന്നുമാണ് പരിശീലകന്റെ അഭിപ്രായം.
മലയാളി താരം രഹ്നേഷും മുൻ ഗോകുലം എഫ് സി താരങ്ങളായ ലക്ര, കിവി എന്നിവരും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് നിരയിൽ ഉണ്ട്. ബഡ്ജറ്റ് ഇല്ലാത്തതിനാൽ ആറ് വിദേശ താരങ്ങളെ മാത്രമെ ഇത്തവണ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സൈൻ ചെയ്തിട്ടുള്ളൂ. ലീഗിൽ ഇതുവരെ പ്ലേ ഓഫിൽ എത്താത്ത ടീം ആണ് നോർത്ത് ഈസ്റ്റ്.
മറുവശത്ത് ഗോവ എഫ് സി കഴിഞ്ഞ സീസണിലെ ആക്രമണ ഫുട്ബോൾ തന്നെ ഇത്തവണയും തുടരും. ടീമിനെ ആക്രമണ ഫുട്ബോൾ കളിക്കാൻ വേണ്ടി മാത്രമാണ് സജ്ജമാക്കൊയിരിക്കുന്നത് എന്ന് ഗോവൻ പരിശീലകൻ ലൊബേര പറഞ്ഞു. കഴിഞ്ഞ സീസണിൽ 42 ഗോളുകൾ അടിച്ചു കൂട്ടിയ ടീമാണ് ഗോവ. കഴിഞ്ഞ സീസണിൽ ഐ എസ് എല്ലിലെ തന്നെ ടോപ്പ് സ്കോറർ ആയി മാറിയ കോറോ തന്നെ ആകും ഇത്തവണയും ഗോവയുടെ പ്രധാന ശക്തി.
എന്നാൽ ലാൻസറോട്ട് ടീം വിട്ടത് എങ്ങനെ ഗീവയെ ബാധിക്കും എന്നതും ഇന്ന് അറിയാം. പലാങ്ക, ഹ്യൂഗോ ബോമസ് എന്നിവർ ലാൻസരോട്ടയ്ക്ക് പകരം മികവിലേക്ക് ഉയരുമെന്നാണ് ഗോവയുടെ പ്രതീക്ഷ. കഴിഞ്ഞ തവണ സെമിയിൽ എത്തിയ ടീമാണ് ഗോവ. ഇന്ന് രാത്രി 7.30നാണ് മത്സരം.