അമേരിക്കൻ നാഷണൽ ഫുട്‌ബോൾ ലീഗിലെ 56 മത് സൂപ്പർ ബോൾ കിരീടം സ്വന്തമാക്കി ലോസ് ആഞ്ചലസ് റാംസ്. സൂപ്പർ ബോളിൽ അവസാന ക്വാർട്ടറിലെ അവസാന നിമിഷങ്ങളിൽ സിൻസിനാറ്റി ബംഗാൾസിന് എതിരെ തിരിച്ചു വരവ് നടത്തിയാണ് തങ്ങളുടെ ചരിത്രത്തിലെ രണ്ടാം സൂപ്പർ ബോൾ റാംസ് നേടിയത്. ആദ്യ സൂപ്പർ ബോൾ കിരീടം തേടി ഇറങ്ങിയ ബംഗാൾസിനെ 23-20 എന്ന സ്കോറിന് ആണ് റാംസ് തോൽപ്പിച്ചത്. 1999 നു ശേഷം ആദ്യമായാണ് അവർ സൂപ്പർ ലീഗ് കിരീടം നേടുന്നത്. ആദ്യ ക്വാർട്ടറിൽ 7-3 നു ലോസ് ആഞ്ചൽസ് ആധിപത്യം കാണാൻ ആയി. രണ്ടാം ക്വാർട്ടറിൽ 6-7 ലോസ് ആഞ്ചൽസ് ആധിപത്യം കണ്ടപ്പോൾ, ആദ്യ പകുതിയിൽ 13-10 നു ലോസ് ആഞ്ചൽസ് മുന്നിൽ. രണ്ടാം പകുതിയുടെ ഇടവേളയിൽ എമിനം, കേണ്ടറിക് ലമാർ, സ്‌നൂപ്പ് ഡോഗ്, തുടങ്ങി വമ്പൻ ഗായകർ നടത്തിയ വലിയ പ്രകടനം എന്നത്തേയും പോലെ സൂപ്പർ ബോളിന് കൊഴുപ്പ് ഏകി.
ഇടവേളയ്ക്ക് ശേഷം മൂന്നാം ക്വാർട്ടറിൽ 10-3 എന്ന സ്കോറിന് ബംഗാൾസ് വലിയ ആധിപത്യം പുലർത്തി. അവസാന ക്വാട്ടറിലേക്ക് പോവുമ്പോൾ 20-16 എന്ന സ്കോറിന് പിറകിൽ ആയിരുന്നു റാംസ്. അവസാന ക്വാർട്ടറിൽ മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രമുള്ളപ്പോൾ ടച്ച് ഡൗൺ കണ്ടത്തിയ കൂപ്പർ കുപ്പ് റാംസിന് സ്വന്തം മൈതാനത്ത് കിരീടം സമ്മാനിക്കുക ആയിരുന്നു. സൂപ്പർ ബോളിലെ വില കൂടിയ താരമായി മികച്ച പ്രകടനം നടത്തിയ കൂപ്പർ കുപ്പ് തിരഞ്ഞെടുക്കപ്പെട്ടു. ആക്രമണത്തിൽ സീസണിലെ ഏറ്റവും മികച്ച താരമാണ് കൂപ്പർ കുപ്പ്. പ്രതിരോധത്തിൽ ആരോൺ ഡൊണാൾഡിന്റെ മികവും റാംസ് കിരീടത്തിൽ നിർണായകമായി. തങ്ങളുടെ പ്രധാന താരങ്ങളിൽ ഒരാളായ ഒഡൽ ജൂനിയർ ബെക്കാമിനെ പരിക്കേറ്റ് നഷ്ടമായിട്ടും റാംസ് കിരീടം നേടുക ആയിരുന്നു. 36 കാരനായ റാംസ് പരിശീലകൻ ഷോൺ മക്വെ സൂപ്പർ ബോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി. ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാർ ആയ ആഴ്‌സണൽ ഉടമയായ സ്റ്റാൻ ക്രോയെങ്കെയാണ് ലോസ് ആഞ്ചൽസ് റാംസിന്റെയും ഉടമകൾ.