കോപ അമേരിക്കയ്ക്ക് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിനിടെ സൂപ്പർ താരം നെയ്മർക്ക് പരിക്ക്. കോപ അമേരിക്കയിലെ ഗസ്റ്റ് ടീമായ ഖത്തറിനെതിരായ മത്സരത്തിലാണ് നെയ്മർ പരിക്കേറ്റ് കണ്ണീരോടെ കളം വിട്ടത്. മത്സരത്തിന്റെ 21 ആം മിനുട്ടിലായിരുന്നു പിഎസ്ജിയുടെ സൂപ്പർ താരം ഒരു ടാക്കിളിൽ പരിക്കേറ്റ് കളം വിട്ടത്. ബെഞ്ചിലിരുന്ന് വേദനകൊണ്ട് പുളയുന്ന നെയ്മറിനെയാണ് പിന്നീട് ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ കണ്ടത്.
അസിസ്റ്റന്റ്സിന്റെ സഹായത്തോടെയാണ് നെയ്മർ കളം വിട്ടത്. ഇതിന് മുൻപ് പരിശീലനത്തിനിടെയും നെയ്മറിന് പരിക്കേറ്റിരുന്നു. നെയ്മറിന്റെ പരിക്കിന്റെ വ്യപ്തി എത്രയാണെന്ന് ബ്രസീൽ ഫുട്ബോൾ അസോസിയേഷൻ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 2007ന് ശേഷം ഒരു പ്രധാന കിരീടം നേടി ഇറങ്ങുന്ന ബ്രസീലിന് നെയ്മറിന്റെ പരിക്ക് കനത്ത തിരിച്ചടിയാണ്.
1989ന് ശേഷം ആദ്യമായി ബ്രസീൽ ആതിഥേയത്വം വഹിക്കുന്ന കോപ്പ അമേരിക്ക എന്ന പ്രത്യേകതയും ഈ വർഷത്തെ ടൂർണമെന്റിന് ഉണ്ട്. ജൂൺ 15ന് നടക്കുന്ന ബ്രസീൽ – ബൊളീവിയ മത്സരത്തോടെയാണ് ഈ വർഷത്തെ കോപ്പ അമേരിക്കയുടെ തുടക്കം. ലോകകപ്പിൽ പൊലിഞ്ഞ കിരീട സ്വപ്നങ്ങൾ കോപ്പയിലൂടെ തിരികെ പിടിക്കാനാണ് ടിറ്റെയുടേയും ബ്രസീലിന്റെയും ശ്രമം.