ലീഗ് 1ൽ ഡിജോൺ എഫ്.സി.ഓയെ ഏകപക്ഷീയമായ 8 ഗോളിന് തോൽപ്പിച്ച് പി.എസ്.ജി ലീഗിൽ കുതിപ്പ് തുടരുന്നു. നാല് ഗോൾ നേടി നെയ്മർ മുന്നിൽ നിന്ന് നയിച്ചപ്പോൾ രണ്ട് ഗോൾ നേടി ഡി മരിയയും ഓരോ ഗോൾ വീതം നേടി എംബപ്പേയും കവാനിയും ഗോൾ പട്ടിക പൂർത്തിയാക്കി.
മത്സരത്തിൽ ഗോൾ നേടിയ കവാനി പി.എസ്.ജിക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ ഇബ്രാഹിമോവിച്ചിന് ഒപ്പമെത്താനുമായി. 156 ഗോളുകളാണ് കവാനിയും ഇബ്രാഹിമോവിച്ചും പി.എസ്.ജിക്ക് വേണ്ടി നേടിയത്. അതെ സമയം നാലാമത്തെ ഗോളിന് വഴിവെച്ച പെനാൽറ്റി എടുക്കാൻ കവാനിക്ക് പകരം നെയ്മർ വന്നതിൽ പ്രതിഷേധിച്ച് പി.എസ്.ജി ആരാധകർ കൂവിയത് പി.എസ്.ജിയുടെ വിജയത്തിന്റെ നിറം കെടുത്തി.
ആദ്യ 10 മിനുട്ടിനുള്ളിൽ തന്നെ രണ്ട് ഗോൾ നേടി ഡി മരിയ പി.എസ്.ജിക്ക് മികച്ച തുടക്കം നൽകി. തുടർന്നാണ് റെക്കോർഡിന് ഒപ്പമെത്തിയ കവാനിയുടെ ഗോൾ പിറന്നത്. തുടർന്ന് ആദ്യ പകുതിക്ക് തൊട്ട് മുൻപ് മികച്ചൊരു ഫ്രീ കിക്കിലൂടെ നെയ്മർ പി.എസ്.ജിയുടെ ഗോൾ നില നാലാക്കി ഉയർത്തി. രണ്ടാം പകുതിയിൽ വീണ്ടും ഗോളുകളടിച്ച് നെയ്മർ ഹാട്രിക് പൂർത്തിയാക്കി. ഹാട്രിക് നേടാൻ 6 പ്രതിരോധ നിരക്കാരെ മറികടന്നാണ് നെയ്മർ എതിർ ഗോൾ വല കുലുക്കിയത്. ശേഷം എംബപ്പേ പി.എസ്.ജിയുടെ ഏഴാമത്തെ ഗോളും നേടി.
തുടർന്നാണ് മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ശേഷിക്കെ പി.എസ്.ജിക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചത്. പതിവിനു വിപരീതമായി കവാനിക്ക് പകരക്കാരനായി നെയ്മറാണ് പെനാൽറ്റി എടുക്കാൻ മുന്നോട്ട് വന്നത്. ഇതിനെ തുടർന്നാണ് പി.എസ്.ജി ആരാധകർ നെയ്മറിനെ നേരെ കൂവിയത്. കവാനി പെനാട്ടിലയിലൂടെ ഗോൾ നേടിയിരുന്നെങ്കിൽ പി.എസ്.ജിക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയതിന്റെ റെക്കോർഡ് മറികടക്കമായിരുന്നു. നെയ്മർ ഗോളാക്കി നാലാമത്തെ ഗോൾ നേടിയെങ്കിലും ആരധകരുടെ കൂവലോടെയാണ് താരം സ്റ്റേഡിയം വിട്ടത്.
ജയത്തോടെ ലീഗിൽ 11 പോയിന്റിന്റെ ലീഡോടെ പി.എസ്.ജി ഒന്നാം സ്ഥാനത്താണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial