റയൽ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ സൂപ്പർ താരങ്ങളായ നെയ്മറും കവാനിയും എമ്പപ്പെയുമില്ലാത്തത് പി.എസ്.ജിക്ക് ഗുണം ചെയ്തുവെന്ന് പി.എസ്.ജി പരിശീലകൻ തോമസ് ടൂക്കൽ. റയൽ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ മൂന്ന് സൂപ്പർ താരങ്ങൾ പി.എസ്.ജി നിരയിൽ ഇല്ലാതിരുന്നിട്ടും ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് പി.എസ്.ജി റയൽ മാഡ്രിഡിനെ തോൽപ്പിച്ചിരുന്നു. മത്സരത്തിൽ ഒരു ഷോട്ട് പോലും പി.എസ്.ജിയുടെ പോസ്റ്റിലേക്ക് അടിക്കാൻ റയൽ മാഡ്രിഡിനായിരുന്നില്ല.
കവാനി, നെയ്മർ, എമ്പപ്പെ എന്നീ മൂന്ന് താരങ്ങളുടെ അഭാവം ടീമിന് ഗുണം ചെയ്തു. ഈ മൂന്ന് താരങ്ങളുമില്ലാതെ ജയിക്കാൻ കഴിയില്ലെന്ന തോന്നൽ ടീമിൽ നിന്ന് സമ്മർദ്ദം അകറ്റിയെന്നും പി.എസ്.ജി പരിശീലകൻ പറഞ്ഞു. ഈ മൂന്ന് താരങ്ങളുടെ അഭാവത്തിൽ മത്സരത്തിൽ പി.എസ്.ജിക്ക് സാദ്ധ്യതകൾ കുറവായിരുന്നെന്നും അത് കൊണ്ട് താരങ്ങൾക്ക് കൂടുതൽ സമ്മർദ്ദം ഇല്ലാതെ കളിക്കാൻ പറ്റിയെന്നും പി.എസ്.ജി പരിശീലകൻ പറഞ്ഞു. നെയ്മറിന് രണ്ട് മത്സരങ്ങളിൽ നിന്നുള്ള വിലക്ക് മൂലമാണ് റയൽ മാഡ്രിഡിനെതിരെ കളിയ്ക്കാൻ പറ്റാതിരുന്നത്. അതെ സമയം എമ്പപ്പെക്കും കവാനിക്കും പരിക്ക് മൂലമാണ് റയൽ മാഡ്രിഡിനെതിരായ മത്സരം നഷ്ടമായത്.