തുണയ്ക്കെത്തി കോളിന്‍ ഡി ഗ്രാന്‍‍ഡോം-ജെയിംസ് നീഷം സഖ്യം, ഷഹീന്‍ അഫ്രീദി നല്‍കിയ സ്വപ്നതുടക്കം കൈവിട്ട് പാക്കിസ്ഥാന്‍

Sayooj

Download the Fanport app now!
Appstore Badge
Google Play Badge 1

ഷഹീന്‍ അഫ്രീദിയുടെ മാന്ത്രിക സ്പെല്ലില്‍ തകര്‍ന്ന ന്യൂസിലാണ്ടിന്റെ തുണയ്ക്കെത്തി ഓള്‍റൗണ്ടര്‍മാരായ ജെയിംസ് നീഷവും കോളിന്‍ ഡി ഗ്രാന്‍ഡോമും. 46/4 എന്ന നിലയില്‍ ടോപ് ഓര്‍ഡറിനെയും പിന്നീട് 83/5 എന്ന നിലയില്‍ കെയിന്‍ വില്യംസണിനെയും നഷ്ടമായി പാക്കിസ്ഥാനെതിരെ വലിയ തോല്‍വി മുന്നില്‍ കണ്ട ന്യൂസിലാണ്ടിനെ 132 റണ്‍സ് കൂട്ടുകെട്ട് ആറാം വിക്കറ്റില്‍ നേടിയ നീഷം-ഗ്രാന്‍ഡോം കൂട്ടുകെട്ട് കരകയറ്റുകയായിരുന്നു. 50 ഓവറില്‍ 237 റണ്‍സാണ് 6 വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലാണ്ട് നേടിയത്.

ആദ്യം നേടിയ മേല്‍ക്കൈ ഈ കൂട്ടുകെട്ടിനെ യഥേഷ്ടം സ്കോര്‍ ചെയ്യുവാന്‍ അനുവദിക്കുക വഴി പാക്കിസ്ഥാന്‍ കൈവിടുന്ന കാഴ്ചയാണ് പിന്നീട് മത്സരത്തില്‍ കണ്ടത്. മുഹമ്മദ് അമീര്‍ ഗപ്ടിലിനെ പുറത്താക്കിയ ശേഷം ഷഹീന്‍ അഫ്രീദി മൂന്ന് വിക്കറ്റുമായി നിറഞ്ഞാടിയപ്പോള്‍ പാക്കിസ്ഥാന്‍ മത്സരം വിജയിച്ച പ്രതീതിയായിരുന്നു എഡ്ജ്ബാസ്റ്റണിലെ പാക് ആരാധകര്‍ക്കിടയില്‍. 41 റണ്‍സ് നേടിയ കെയിന്‍ വില്യംസണ്‍ എപ്പോളത്തെയും പോലെ പൊരുതി നിന്നുവെങ്കിലും ഷദബ് ഖാന്‍ താരത്തെ പുറത്താക്കി.

പിന്നീട് ഈ ലോകകപ്പ് തന്നെ കണ്ട മികച്ച തിരിച്ചുവരവാണ് ന്യൂസിലാണ്ട് നടത്തിയത്. ജെയിംസ് നീഷവും കോളിന്‍ ഡി ഗ്രാന്‍ഡോമും പതറാതെ പൊരുതി ന്യൂസിലാണ്ടിനെ മുന്നോട്ടെത്തിക്കുകയായിരുന്നു. ഇരു താരങ്ങളും തങ്ങളുടെ അര്‍ദ്ധ ശതകങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ന്യൂസിലാണ്ട് ബൗളര്‍മാര്‍ക്കും എറിഞ്ഞ് പിടിക്കുവാനുള്ള സ്കോറിലേക്ക് ടീം എത്തി.

45 ഓവറിനു ശേഷം നീഷം-കോളിന്‍ ഡി ഗ്രാന്‍ഡോം കൂട്ടുകെട്ട് ഗിയര്‍ മാറ്റിയതോടെ ന്യൂസിലാണ്ട് 200ന് മുകളിലേക്ക് നീങ്ങി. 48ാം ഓവറില്‍ 64 റണ്‍സ് നേടിയ കോളിന്‍ ഡി ഗ്രാന്‍ഡോം റണ്ണൗട്ട് രൂപത്തില്‍ പുറത്താകുകയായിരുന്നു. 71 പന്തില്‍ നിന്ന് 64 റണ്‍സ് നേടിയ താരം 6 ഫോറും ഒരു സിക്സുമാണ് നേടിയത്. 112 പന്തില്‍ നിന്ന് 97 റണ്‍സ് നേടിയാണ് ജെയിംസ് നീഷം പുറത്താകാതെ നിന്നത്. 5 ഫോറും 3 സിക്സുമാണ് താരം നേടിയത്. അവസാന പത്തോവറില്‍ നിന്ന് 85 റണ്‍സാണ് ന്യൂസിലാണ്ട് നേടിയത്.