ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിച്ചപ്പോൾ ന്യൂസിലാൻഡ് ശക്തമായ നിലയിൽ. ഒന്നാം ഇന്നിങ്സിൽ ഇന്ത്യയെ 345 റൺസിന് ഓൾ ഔട്ട് ആക്കിയ ന്യൂസിലാൻഡ് രണ്ടാം ദിവസം അവസാനിക്കുമ്പോൾ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 129 എന്ന ശക്തമായ നിലയിൽ ആണ്. നിലവിൽ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനേക്കാൾ 216 റൺസിന് പിറകിലാണ് ന്യൂസിലാൻഡ്.
75 റൺസുമായി വിൽ യങ്ങും 50 റൺസുമായി ടോം ലതാമുമാണ് നിലവിൽ ക്രീസിൽ ഉള്ളത്. മൂന്ന് തവണ ടോം ലതാം പുറത്തായതായി അമ്പയർ വിളിച്ചെങ്കിലും 3 തവണയും ഡി.ആർ.എസ് താരത്തിന്റെ രക്ഷക്ക് എത്തുകയായിരുന്നു. രണ്ട് തവണ വിക്കറ്റിന് മുൻപിൽ കുടുങ്ങിയതിനും ഒരു തവണ ക്യാച്ച് ആയതിനുമാണ് അമ്പയർ ഔട്ട് വിളിച്ചത്. എന്നാൽ മൂന്ന് തവണയും ഡി.ആർ.സ് ലതാമിന്റെ രക്ഷക്കെത്തുകയായിരുന്നു.
നേരത്തെ ശ്രേയസ് അയ്യരുടെ സെഞ്ച്വറിയുടെ പിൻബലത്തിലാണ് ഇന്ത്യൻ സ്കോർ 345 റൺസ് എടുത്തത്. അർദ്ധ സെഞ്ച്വറി നേടിയ രവീന്ദ്ര ജഡേജയും 38 റൺസ് എടുത്ത അശ്വിനും മികച്ച പിന്തുണ നൽകി. ന്യൂസിലാൻഡിനു വേണ്ടി ടിം സൗതി 5 വിക്കറ്റ് വീഴ്ത്തി.