കൊറോണ വൈറസ് പടർന്നതോടെ നിർത്തിവെച്ച ഫുട്ബോൾ മത്സരങ്ങൾ പുനരാരംഭിക്കുമ്പോൾ വമ്പൻ മാറ്റങ്ങൾക്ക് ഒരുങ്ങി ഫിഫ. മത്സരങ്ങൾ പുനരാരംഭിക്കുമ്പോൾ ഒരു മത്സരത്തിൽ അഞ്ച് സബ്സ്റ്റിറ്റ്യൂകൾ അനുവദിക്കാനാണ് ഫിഫ ശ്രമിക്കുന്നത്. ഒരു മത്സരത്തിൽ മൂന്ന് സബ്സ്റ്റിറ്റ്യൂകൾ മാത്രമാണ് നിലവിൽ അനുവദിക്കുന്നത്. എന്നാൽ ദീർഘ കാലം മത്സരങ്ങൾ നിർത്തിവെച്ചതോടെ കൂടുതൽ മത്സരങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ കളിക്കേണ്ടിവരുമെന്ന കാര്യം മുൻനിർത്തിയാണ് ഫിഫ അഞ്ച് സബ്സ്റ്റിറ്റ്യൂകൾ എന്ന ആശയവുമായി രംഗത്തെത്തിയത്.
അതെ സമയം പകരക്കാരെ ഇറക്കാൻ ഹാഫ് ടൈം സമയവും കൂടാതെ മൂന്ന് അവസരങ്ങളും മാത്രമാണ് ഫിഫ അനുവദിക്കുക. ഇത് പ്രകാരം അനാവശ്യമായ രീതിയിൽ അധിക സമയം നൽകുന്നത് ഒഴിവാക്കാൻ കഴിയും. ഫിഫ ഈ നിർദേശങ്ങൾ മുൻപോട്ട് വെച്ചെങ്കിലും ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡിന്റെ അംഗീകാരം ലഭിച്ചാൽ മാത്രമേ ഈ നിയമം നടപ്പിൽ വരുത്താൻ കഴിയു.