1999 തിന് ശേഷം നീണ്ട 20 വർഷങ്ങൾക്ക് ശേഷം ഒരു എ. ടി. പി മാസ്റ്റേഴ്സ് 1000 സെമിഫൈനലിൽ എത്തിയ 4 താരങ്ങളും 24 വയസ്സിന് താഴെയുള്ളവർ ആയ കാഴ്ചക്ക് ആണ് ഷാങ്ഹായ് സാക്ഷിയായത്. അതും പുരുഷടെന്നീസിനെ അടക്കി ഭരിച്ച ഫെഡറർ, നദാൽ, ജ്യോകോവിച്ച് എന്നിവരുടെ സാന്നിധ്യത്തിൽ തന്നെയാണ് ടെന്നീസിലെ ഈ തലമുറയുടെ നേട്ടം എന്നതും വലിയ കാര്യമാണ്. വർഷങ്ങളോളം പുരുഷ ടെന്നീസിലെ പുതുയുഗം പുതുയുഗം എന്നു പറയുന്നത് അല്ലാതെ അതിനൊരു അവസരം ടെന്നീസ് കണ്ട ഇതിഹാസതാരങ്ങൾ നൽകിയില്ല എന്നതാണ് വാസ്തവം. വർഷങ്ങൾ പിന്നിലേക്ക് പോകണം ഫെഡറർ,നദാൽ,ജ്യോക്കോവിച്ച് എന്നിവരിൽ ഒരാൾ അല്ലാതെ വേറൊരാൾ ഗ്രാന്റ് സ്ലാം നേടിയ കാഴ്ചക്ക്.
അതിനാൽ തന്നെ ഷാങ്ഹായ് മാസ്റ്റേഴ്സ് ഒരു വലിയ സൂചനയായി ആണ് പല ടെന്നീസ് ആരാധകരും കാണുന്നത്. ഗ്രാന്റ് സ്‌ലാമിൽ മുമ്പ് ഫെഡററെ മറികടന്ന ഗ്രീക്ക് യുവതാരം സ്റ്റെഫനോസ് സ്റ്റിസിപാസ് ആണ് ഷാങ്ഹായിൽ ആദ്യ വലിയ വാർത്തക്ക് തുടക്കമിട്ടത്. യു.എസ് ഓപ്പണിലെ പരിക്കിൽ നിന്ന് തിരിച്ചു വന്ന ലോക ഒന്നാം നമ്പർ താരം നൊവാക് ജ്യോക്കോവിച്ചിനെ സ്റ്റിസിപാസ് ക്വാട്ടറിൽ മറികടന്നു. സ്റ്റിസിപാസിൽ നിന്നു പ്രചോദനം ഏറ്റെടുത്ത ജർമ്മൻ യുവതാരം അലക്‌സാണ്ടർ സെവർവ്വിന്റേത് ആയിരുന്നു അടുത്ത ഊഴം. പൊരുതാൻ ഉറച്ച ഫെഡറർക്ക് എതിരെ കടുത്ത സമ്മർദ്ദം അതിജീവിച്ച സെവർവ്വ് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനോടുവിൽ ഫെഡററെ വീഴ്ത്തി സെമിഫൈനലിലേക്ക് ടിക്കറ്റ് എടുത്തു.
ഈ ജയങ്ങൾ ടെന്നീസ് ആരാധകർക്ക് വ്യക്തമായ സൂചന തന്നെയാണ് നൽകിയത്. ഇന്ന് നടന്ന സെമിഫൈനലിൽ യു.എസ് ഓപ്പൺ ഫൈനലിൽ നദാലെ വിറപ്പിച്ച റഷ്യൻ താരം ഡാനിൽ മെദ്വദേവ് പക്ഷെ സ്റ്റിസിപാസിനെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നു. തന്റെ തുടർച്ചയായ ആറാം ഫൈനലിലേക്ക് മുന്നേറിയ മെദ്വദേവ് ബിഗ് 3 ക്ക് എതിരെയല്ലാതെ സമീപകാലത്ത് ഒരു സെറ്റ് പോലും വഴങ്ങിയിട്ടില്ല എന്നതാണ് വാസ്തവം. അതിനാൽ തന്നെ മെദ്വദേവ് യുഗം ആണോ വരാനിരിക്കുന്നത് എന്ന സംശയവും പലരും ഉയർത്തുന്നു. അതേസമയം ഇറ്റാലിയൻ താരം ബരേറ്റിനിയെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്ന അലക്‌സാണ്ടർ സെവർവ്വ് ആവും മെദ്വദേവിന്റെ ഫൈനലിലെ എതിരാളി. ഇന്ന് നടക്കുന്ന ഫൈനലിൽ ഷാങ്ഹായിൽ ആരു ജയിച്ചാലും ടെന്നീസിൽ അതൊരു പുതുയുഗപിറവി ആവുമോ എന്നു കണ്ട് തന്നെ അറിയണം.