പുതിയ പരിശീലകൻ വന്നു, മാറുമോ കേരള ബ്ലാസ്റ്റേഴ്സിന്റെ തലവര

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

അവസാനം കേരള ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലേക്കുള്ള പുതിയ പരിശീലകനെ പ്രഖ്യാപിച്ചു. മുൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പരിശീലകൻ എൽകോ ഷറ്റോറിയെയാണ് മുങ്ങി കൊണ്ടിരിക്കുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിനെ നേരെയാക്കാൻ നിയമിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ഒരു സാധാരണ ടീമായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ മികച്ച ഫുട്ബോളിലൂടെ ഐ.എസ്.എൽ സെമി ഫൈനലിൽ എത്തിക്കാൻ ഷറ്റോറിക്കായിരുന്നു. ഇത് തന്നെയാണ് ഈ പരിശീലകനെ സ്വന്തമാക്കാൻ കേരള ബ്ലാസ്‌റ്റേഴ്‌സിനെ പ്രേരിപ്പിച്ചത്. മിഡിൽ ഈസ്റ്റിലും ഇന്ത്യയിലുമടക്കം 20 വർഷത്തിൽ അധികം പരിശീലക വേഷത്തിൽ പരിചയമുള്ള ഷറ്റോറി ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മോശം ടീമുകളിൽ ഒന്നായി മാറിയ കേരള ബ്ലാസ്റ്റേഴ്സിന്റെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

കഴിഞ്ഞ രണ്ടു സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്‌സ് നടത്തിയ ദയനീയ പ്രകടനത്തോടെ കൊച്ചിയിൽ ആരാധകരും കേരള ബ്ലാസ്‌റ്റേഴ്‌സിനെ കഴിയൊഴിഞ്ഞിരുന്നു. ഇതോടെ ടീമിൽ കാര്യമായ മാറ്റം വേണമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മന്റിനും തോന്നി തുടങ്ങിയിരുന്നു. ഇതിനെ തുടർന്നാണ് സി.ഇ.ഓ ആയിരുന്ന വരുൺ ത്രിപുരനേനിയെ മാറ്റി വീരൻ ഡി സിൽവയെ കേരള ബ്ലാസ്റ്റേഴ്സിന്റെ സി.ഇ.ഓയായി നിയമിച്ചത്.
തുടർന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ അഴിച്ചു പണികൾ ആരംഭിച്ചിരുന്നു.

സ്പാനിഷ് പരിശീലകർക്കും താരങ്ങൾക്കും വേണ്ടിയും കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ മുറവിളി കൂട്ടിയെങ്കിലും ഡച്ചുകാരനായ ഷറ്റോറിയെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് നിയമിച്ചത്. മാത്രവുമല്ല വിദേശ താരങ്ങളെ സ്വന്തമാക്കുന്നതിനു പകരം ഇന്ത്യൻ യുവ താരങ്ങളെ സ്വന്തമാക്കാനും ഈ കാലയളവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ശ്രമിച്ചു. ഇതിനെ തുടർന്നാണ് ഇന്ത്യൻ ആരോസിന്റെ മലയാളി താരം കെ.പി രാഹുലിനെയും യു.എ.ഇയിലെ പ്രവാസി മലയാളിയായ സായിദ് ബിൻ വലീദിനെയും കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.

നഷ്ട്ടപെട്ടുപോയ ആരാധാകരുടെ വിശ്വാസം നേടിയെടുക്കുക എന്നതാണ് പുതിയ പരിശീലകൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. മികച്ച ഫുട്ബോളും മികച്ച താരങ്ങളെയും ടീമിലെത്തിച്ചാൽ മാത്രമേ കൊച്ചിയിലെ ഗാലറികളെ പഴയ കാല പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഷറ്റോറിക്ക് കഴിയു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഇത് നാലാമത്തെ പരിശീലകനാണ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത് . വലിയ സംഭവമായി വന്ന റെനെ മുളൻസ്റ്റീനും കേരള ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചു വന്ന ഡേവിഡ് ജെയിംസും താത്കാലിക പരിശീലകനായി എത്തിയ നെലോ വെങ്കാഥക്കും കഴിയാതെ പോയത് ഷറ്റോറിക്ക് കഴിയട്ടെയെന്ന് നമുക്ക് പ്രതീക്ഷിക്കാം.