പെനാൽറ്റി ഷൂട്ട് ഔട്ട് വരെ നീണ്ട ആവേശ മത്സരവുമായി ഹീറോ സൂപ്പർ കപ്പിന് തുടക്കം കുറിച്ചപ്പോൾ, ക്വാളിഫയർ പ്ലേ ഓഫ് മത്സരത്തിൽ അവസാന ചിരി നെറോക്ക എഫ്സിയുടേത്. പയ്യനാട് വെച്ചു നടന്ന മത്സരത്തിൽ രാജസ്ഥാൻ യുനൈറ്റഡിനെ നേരിട്ട നെറോക്ക, പത്ത് പേരിലേക്ക് ചുരുങ്ങിയിട്ടും എക്സ്ട്രാ ടൈമിൽ രാജസ്ഥാനെ സമനിലയിൽ പിടിച്ച് കെട്ടി. പിന്നീട് പെനാൽറ്റി ഷൂട് ഔട്ടിൽ മൂന്ന് കിക്കുകൾ വലയിൽ എത്തിക്കാൻ നെറോക്കക് സാധിച്ചപ്പോൾ ഒരേയൊരു ഷോട്ട് മാത്രമാണ് രാജസ്ഥാന് ലക്ഷ്യത്തിൽ എത്തിക്കാൻ സാധിച്ചത്. പ്ലേ ഓഫ് വിജയം നേടിയ നെറോക്ക ആദ്യ ക്വാളിഫയറിൽ ശ്രീനിധി ഡെക്കാനെ നേരിടും. രണ്ടാം ക്വാളിഫയറിൽ ഗോകുലത്തിന് മുഹമ്മദൻസും ആണ് എതിരാളികൾ.
ആദ്യ പകുതിയിലെ ഗോളോടെ നെറോക്ക ആണ് മത്സരത്തിൽ ആദ്യം ലീഡ് എടുത്തത്. ഇരു ഭാഗത്ത് നിന്നും കാര്യമായ മുന്നേറ്റങ്ങൾ നടക്കാതെ ആദ്യ നിമിഷങ്ങൾ കടന്ന് പോയി. 27ആം മിനിറ്റിൽ രാജവ് ഗുപ്തയുടെ ഫ്രീകിക്കിൽ നിന്നും ലഭിച്ച രാജസ്ഥാന് ലഭിച്ച അവസരത്തിൽ സൗവിക്കിന് പിഴച്ചു. പിന്നീട് നെറോക്കക് ലഭിച്ച അവസരത്തിൽ ലുമിലെൻ ഹോക്കിപ്പിനും ഗോൾ നേടാൻ ആയില്ല.
ഇഞ്ചുറി ടൈമിൽ ആണ് നെറോക്കയുടെ ഗോൾ എത്തിയത്. ഇടത് വിങ്ങിൽ നിന്നും എത്തിയ മുന്നേറ്റത്തിൽ ബെഞ്ചമിന്റെ ഷോട്ട് രാജസ്ഥാൻ കീപ്പർ വിശാലിനെയും മറികടന്ന് പോസ്റ്റിൽ ഇടിച്ചു മടങ്ങിയെങ്കിലും അവസരം കാത്തിരുന്ന ഹോകിപ് വല കുലുക്കുകയായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ സമനില ഗോളിനായി തുടർച്ചയായ ആക്രമണങ്ങൾ നടത്തിയ രാജസ്ഥാൻ, ശൈബോർലങിലൂടെ ഗോൾ മടക്കി. ഇടത് വിങ്ങിലൂടെ എത്തിയ ബോൾ ബോക്സിനുള്ളിൽ യാഷിന്റെ പാസ് സ്വീകരിച്ച് എതിർ പ്രതിരോധത്തെ മറികടന്ന് ദുഷകരമായ ആംഗിളിൽ നിന്നാണ് താരം വല കുലുക്കിയത്. 65ആം മിനിറ്റിൽ ആണ് സമനില ഗോൾ പിറന്നത്. പിന്നീട് മുഴുവൻ സമയത്ത് ആർക്കും ഗോൾ കണ്ടെത്താൻ സാധിക്കാതെ വന്നതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് കടന്നു.
എക്സ്ട്രാ ടൈമിന്റെ എട്ടാം മിനിറ്റിൽ യാഷിന്റെ മറ്റൊരു അസിസ്റ്റിൽ ഹെഡർ ഉതിർത്ത് രംസാങ്ങ രാജസ്ഥാന് ലീഡ് സമ്മാനിച്ചു. പിന്നീട് പത്ത് പേരിലേക്ക് ചുരുങ്ങേണ്ടി വന്നെങ്കിലും നെറോക്ക സമനില ഗോളിന് വേണ്ടിയുള്ള പോരാട്ടം തുടർന്നു. എസ്ട്രാ ടൈമിന്റെ അവസാന മിനിറ്റിൽ സ്വീഡൻ ഫെർണാണ്ടസ് നേറോക്ക് നിർണായക സമനില ഗോൾ സമ്മാനിച്ചു. ഇതോടെയാണ് മത്സരം പെനാൾറ്റി ഷൂട്ട് ഔട്ടിലേക്ക് നീണ്ടത്.